കണ്ണൂർ: അടുത്ത ഘട്ടത്തിൽ അഞ്ച് ലക്ഷം വീടുകൾ നൽകുകയാണ് സർക്കാറിൻ്റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ പരിയാരം ഗ്രാമ പഞ്ചായത്തിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം പരിയാരം ഏമ്പേറ്റിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022 മാർച്ച് അവസാനത്തോടെ 88000 വീടുകൾ നൽകും. ഓരോ വർഷവും ഓരോ ലക്ഷം വീടുകൾ നൽകുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സർക്കാരിൻ്റെ നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി 12067 വീടുകളാണ് പൂർത്തിയാക്കിയത്. അടച്ചുറപ്പുള്ള വീടെന്നത് ഓരോ മനുഷ്യൻ്റെയും ഏറ്റവും വലിയ ആഗ്രഹമാണ്. കേരള ജനതയുടെ ദീർഘകാലത്തെ സ്വപ്നമാണ് സർക്കാർ യാഥാർഥ്യമാക്കിക്കൊണ്ടിരിക്കുന്നത്. ലൈഫിൽ നൽകുന്നത് വെറും കെട്ടിടം മാത്രമല്ല, മികച്ച പശ്ചാത്തല സൗകര്യങ്ങൾ കൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് ഭവനപദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ പരിയാരം ഗ്രാമ പഞ്ചായത്തിൽ 15 ഗുണഭോക്താക്കൾക്കാണ് വീട് നിർമ്മിക്കുന്നത്. ഇതിൽ പൂർത്തീകരിച്ച ഒൻപതു വീടുകളിൽ ആറ് വീടുകളുടെ താക്കോലാണ് കൈമാറിയത്. മറ്റു വീടുകൾ നിർമാണത്തിൻ്റെ വിവിധ ഘട്ടങ്ങളിലാണ്. ഭൂമി വാങ്ങുന്നതിനും വീട് നിർമ്മിക്കുന്നതിനുമുള്ള ധനസഹായമാണ് ലൈഫ് മൂന്നാം ഘട്ടത്തിൽ നൽകുന്നത്.
സംസ്ഥാന സർക്കാരും ത്രിതലപഞ്ചായത്തുകളും ചേർന്ന് നൽകിയ 54.6 ലക്ഷം രൂപ ചെലവിലാണ് വീടുകൾ നിർമ്മിക്കുന്നത്.
പഞ്ചായത്തിൻ്റെ സമ്പൂർണ ശുചിത്വ പദ്ധതി രേഖ - നല്ലിടം മന്ത്രി പ്രകാശനം ചെയ്തു.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിഎം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ, വൈസ് പ്രസിഡണ്ട് പി പി ബാബുരാജ്, ബ്ലോക്ക് പഞ്ചായത്തംഗം ഇ സി മല്ലിക,സ്ഥിരം സമിതി അധ്യക്ഷന്മാരായ ടോണ വിൻസൻ്റ്, ആർ ഗോപാലൻ, ടി പി രജനി, വാർഡ് മെമ്പർ വി രമണി, ഹരിത കേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഇ കെ സോമശേഖരൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം വി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് തല ഡി പി ആർ കോ ഓഡിനേറ്റർ വി മുത്തുകൃഷ്ണൻ പദ്ധതി രേഖ വിശദീകരിച്ചു.
Post a Comment