ഇരിട്ടി: വന്യമൃഗ ശല്യത്തിൽ നിന്നു നാട്ടുകാരുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടുപുഴയിൽ നിന്ന് പേരട്ടയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് നടത്തി . വളവുപാറ കച്ചേരിക്കടവ് പാലം ജംക്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിൽ പെരിങ്കരിയിലെ ജസ്റ്റിന്റെ മരണം ഭരണകൂട വീഴ്ചയാണെന്നു വ്യക്തമാക്കുന്ന പ്ലാക്കാർഡകളും ഏന്തി നൂറുകണക്കിനു പ്രവർത്തകർ അണിനിരന്നു.
ജസ്റ്റിൻ വനത്തിൽ അതിക്രമിച്ചു കടന്നപ്പോഴല്ല കാട്ടാന ആക്രമിച്ചതെന്നു സർക്കാർ ഓർമിക്കണമെന്നു മാർച്ച് ഉദ്ഘാടനം ചെയ്ത കോൺഗ്രസ് നേതാവ് വി.ടി.ബലറാം പറഞ്ഞു. 15 കിലോമീറ്റർ ജനവാസ കേന്ദ്രത്തിലേക്കു അതിക്രമിച്ചു കടന്ന കാട്ടാനയാണു ജസ്റ്റിനെയും ഭാര്യ ജിനിയെയും കുത്തി വീഴ്ത്തിയത്. ഇതു ഭരണകൂട വീഴ്ചയാണ്. ജസ്റ്റിന്റെ മരണത്തോടെ അനാഥമായ കുടുംബത്തെ സർക്കാർ സംരക്ഷിക്കണം. 25 രൂപയെങ്കിലം നഷ്ടപരിഹാരം നൽകണം. മുഖ്യമന്ത്രിയെ പ്രകീർത്തിച്ച ഒരു ഘടക കക്ഷി നേതാവിനു 25 ലക്ഷം രൂപ എടുത്തു നൽകുകയും മറ്റൊരു സംഭവത്തിൽ ഒരാളുടെ ലക്ഷങ്ങളുടെ ബാധ്യത മുഴുവൻ ഏറ്റെടുക്കുയം ചെയ്ത മുഖ്യമന്ത്രിയും സർക്കാരും ആണു ഇവിടെയുള്ളത്.
ജസ്റ്റിന്റെ ഭാര്യയ്ക്കു സർ്ക്കാർ ജോലി നൽകണം. മുഖ്യമന്ത്രിയുടെ ജില്ലയിൽ നടന്ന ഈ ദാരുണ സംഭവം അറിഞ്ഞ പ്രതികരണം പോലും മുഖ്യമന്ത്രി കാണിച്ചിട്ടില്ല. വനം മന്ത്രി വീടു സന്ദർശിച്ചിട്ടില്ലെന്നും വി.ടി.ബലറാം കുറ്റപ്പെടുത്തി. മതിയായ നഷ്ടപരിഹാരം നൽകാതെ ജസ്റ്റിന്റെ കുടുംബത്തെ അവഗണിക്കാനാണു സർക്കാർ തീരുമാനം എങ്കിലും ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നു സജീവ് ജോസഫ് എംഎൽഎ മുന്നറിയിപ്പ് നൽകി. യുഡിഎഫ് ഇരിക്കൂർ നിയോജക മണ്ഡലം ചെയർമാൻ തോമസ് വെക്കത്താനം അധ്യക്ഷത വഹിച്ചു. പി.ടി.മാത്യു, അബ്ദുൾ കരീം ചേലേരി, കെ.എ.ഫിലിപ്പ്, റോജസ് സെബാസ്റ്റിയൻ, ടി.എൻ.എ.ഖാദർ, എം.ഒ.മാധവൻ, വത്സൻ അത്തിക്കൽ, ടോമി വെട്ടിക്കാട്ട്്, ഹംസ പുല്ലാട്ട്്, എൻ.പി.ശ്രീധരൻ, ലിസി ജോസഫ്, ബേബി തോലാനി, പി.സി.ഷാജി, ബെന്നി തോമസ്, ജോഷി കണ്ടത്തിൽ, ടി.എ.ജസ്റ്റിൻ, അഹമ്മദ്കുട്ടി ഹാജി, ലിസി തോമസ്, തോമസ് വർഗീസ്, മിനി വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.
Post a Comment