തിരക്കിലമര്‍ന്ന് സന്നിധാനം; ദര്‍ശനത്തിന് മണിക്കൂറുകള്‍ കാത്തുനില്‍പ്




ശബരിമല: മണ്ഡലകാലം തുടങ്ങിയതിനുശേഷം ഏറ്റവും വലിയ തീര്‍ഥാടക പ്രവാഹത്തിന്‌ സാക്ഷ്യം വഹിച്ച്‌ ശബരിമല. വെള്ളിയാഴ്ച മാത്രം ഒന്നര ലക്ഷത്തിനടുത്ത്‌ ഭക്തര്‍ ദര്‍ശനം നടത്തി.


ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ 1,07,695 പേരും സ്പോട്ട്‌ ബുക്കിങ്ങിലൂടെ ഇരുപതിനായിരത്തോളം പേരും സന്നിധാനത്തെത്തി.


വ്യാഴാഴ്ച വൈകീട്ട് മുതല്‍ തന്നെ തീര്‍ഥാടകരുടെ ഒഴുക്ക്‌ തുടങ്ങിയിരുന്നു. 89,063 പേര്‍ വ്യാഴാഴ്ച ദര്‍ശനം നടത്തി. ഇതു കൂടാതെ ദര്‍ശനം നടത്താന്‍ കഴിയാതിരുന്നവരുടെ നീണ്ടനിരയും നടപ്പന്തലില്‍ നിറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ച കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയതോടെ സന്നിധാനം തിരക്കിലമര്‍ന്നു. 


പുലര്‍ച്ച നട തുറക്കുംമുമ്ബേ നടപ്പന്തലിനുപുറത്തേക്ക്‌ നീണ്ടവരി പ്രത്യക്ഷപ്പെട്ടു. ഇത് പിന്നീട്‌ ശരംകുത്തിയിലേക്കും മരക്കൂട്ടത്തേക്കും നീണ്ടു. തിരക്കേറിയതോടെ വ്യാഴാഴ്ച ദര്‍ശനം കഴിഞ്ഞ്‌ മടങ്ങാത്തവരോട്‌ എത്രയും വേഗം മലയിറങ്ങാന്‍ പൊലീസ്‌ കര്‍ശന നിര്‍ദേശം നല്‍കി. ഇതുകൂടാതെ മരക്കൂട്ടം, ശരംകുത്തി, പമ്ബ എന്നിവിടങ്ങളില്‍നിന്ന്‌ തീര്‍ഥാടകരെ കയറ്റിവിടുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. 


ഗ്രൗണ്ട് നിറഞ്ഞതോടെ നിലയ്ക്കലില്‍ വാഹന പാര്‍ക്കിങും പ്രതിസന്ധിയിലായി. നിലയ്ക്കല്‍--പമ്ബ പാതയില്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. വെള്ളിയാഴ്ച ദര്‍ശനം നടത്താനാവാതിരുന്നവര്‍ നടയടച്ചശേഷവും നടപ്പന്തലില്‍ കാത്തിരിപ്പിലാണ്‌. ശനിയാഴ്ച 90,500 പേര്‍ ദര്‍ശനത്തിന്‌ ബുക്ക്‌ ചെയ്തിട്ടുണ്ട്‌. ഇതു കൂടിയാകുമ്ബോള്‍ ശനിയാഴ്ചയും ദര്‍ശനത്തിന് ഏറെനേരം കാത്തിരിക്കേണ്ടി വരും. ഞായറാഴ്ച 59,814 പേരും തിങ്കളാഴ്ച ഒരുലക്ഷത്തിന് മുകളില്‍ (1,03,716) പേരും ബുക്ക്‌ ചെയ്തിട്ടുണ്ട്‌. ശബരിമലയിലെ തിരക്കിന് അനുസരിച്ച്‌ ബേസ് ക്യാമ്ബായ നിലയ്ക്കലിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.



0/Post a Comment/Comments