15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ; ഏപ്രിൽ മുതൽ നിരക്ക് എട്ടിരട്ടിയാകും15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ  രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് ഈ വർഷം ഏപ്രിൽ മുതൽ ചെലവ് എട്ടിരട്ടി വരെ വർദ്ധിക്കുമെന്ന് റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ അടുത്തിടെ പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു. പെട്രോൾ, ഡീസൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ യഥാക്രമം 15 വർഷത്തിനും 10 വർഷത്തിനും ശേഷം റദ്ദാക്കുന്ന ദേശീയ തലസ്ഥാന മേഖലയെ വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിജ്ഞാപനം അനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് നിലവിലുള്ള 600 രൂപയ്ക്ക് പകരം 5,000 രൂപ ഈടാക്കും. ഇരുചക്രവാഹനങ്ങളുടെ കാര്യത്തിൽ രജിസ്ട്രേഷൻ പുതുക്കലിന് ഇപ്പോൾ ഈടാക്കുന്ന 300 രൂപയ്ക്ക് പകരം 1,000 രൂപയാകും. ഇറക്കുമതി ചെയ്യുന്ന കാറുകളുടെ റീ രജിസ്ട്രേഷൻ നിരക്ക് നിലവിലെ 15,000 രൂപയിൽ നിന്ന് 40,000 രൂപയായി ഉയരും.

പുതുക്കലിന് കാലതാമസം വരുത്തിയാൽ ഓരോ മാസവും 300 രൂപ വീതം പിഴയും ഈടാക്കും. വാണിജ്യ വാഹനങ്ങൾക്ക് പ്രതിമാസം 500 രൂപ പിഴ ഈടാക്കും. ഇതുകൂടാതെ, 15 വർഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങൾ ഓരോ അഞ്ച് വർഷം കൂടുമ്പോഴും പുതുക്കണമെന്നും പുതിയ നിയമ പ്രകാരം നിർബന്ധമാക്കിയിട്ടുണ്ട്.

എൻസിആർ ഉൾപ്പെടെ ഇന്ത്യയിൽ കുറഞ്ഞത് 12 മില്യൺ വാഹനങ്ങൾ സ്‌ക്രാപ്പിംഗിന് തയ്യാറാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനായുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന്, അപേക്ഷാ നടപടികൾ ഓൺലൈനായി ഫയൽ ചെയ്യാൻ ഗതാഗത മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.0/Post a Comment/Comments