പുതുക്കിയ യാത്രാനിരക്ക് അപര്യയാപ്തം; ചാര്‍ജ് കൂട്ടിയില്ലെങ്കിൽ സമരം പുനരാരംഭിക്കാൻ ബസുടമകൾ


പുതുക്കിയ യാത്രാനിരക്ക് അപര്യാപ്തമാണെന്ന് ബസുടമകൾ. നിരക്ക് ഇനിയും വർധിപ്പിച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കാനാണ് ബസുടമകൾ ആലോചിക്കുന്നത്. 

നിലവിൽ പ്രഖ്യാപിച്ച ഓട്ടോ നിരക്കുവർധന തൊഴിലാളികൾക്ക് ഗുണം ചെയ്യില്ലെന്ന് സി.ഐ.ടി.യു നേതാക്കളും പ്രതികരിച്ചു.

ബസുടമകളുടെ ഏറെക്കാലത്തെ ആവശ്യങ്ങൾക്കും സമരങ്ങൾക്കും ഒടുവിലാണ് ഇന്നലെ ചാർജ് വർധിപ്പിച്ചത്. മിനിമം ചാർജ് 12 രൂപയാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ പത്തു രൂപയായാണ് നിരക്ക് വർധിപ്പിച്ചത്. 

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ മിനിമം ചാർജ് 10 രൂപയാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ബസുടമകൾ പറയുന്നത്.

വിദ്യാത്ഥികളുടെ കൺസെഷൻ നിരക്ക് ആറ് രൂപയാക്കണമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചിട്ടില്ല. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കാതെ സർവീസ് നടത്താൻ കഴിയില്ലെന്നും ബസ് ഉടമകൾ വ്യക്തമാക്കിയിട്ടുണ്ട്.

ഓട്ടോ നിരക്കുവർധന പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി സി.ഐ.ടി.യുവും രംഗത്തെത്തിയിട്ടുണ്ട്. ഇനിയും നിരക്ക് കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 

സർവീസുകൾ പൂർണമായി നിർത്തിവച്ചുള്ള സമരം സംഘടനകൾ ഉടൻ പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണ്. നികുതിയിളവ് പോലുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചാൽ സമരം ഒഴിവാക്കിയേക്കും.

മിനിമം ബസ് ചാർജ് 10 രൂപയാക്കാനുള്ള തീരുമാനത്തിന് ഇന്നലെയാണ് എൽ.ഡി.എഫ് അംഗീകാരം നൽകിയത്. മിനിമം ചാർജിന്റെ പരിധി കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒരുരൂപ വർധിപ്പിക്കാനും അനുമതി നൽകി. എന്നാൽ, വിദ്യാർഥി കൺസെഷൻ വർധിപ്പിക്കേണ്ടെന്നും യോഗം തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പം കൺസെഷൻ മാറ്റത്തെ കുറിച്ച് ശാസ്ത്രീയായി പഠിക്കാൻ കമ്മീഷനെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

0/Post a Comment/Comments