എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പരീക്ഷ ഫലം ജൂണില്‍
സംസ്ഥാനത്ത് മാര്‍ച്ച് 30 ന് ആരംഭിക്കുന്ന ഹയര്‍സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തിയറി പരീക്ഷകളുടെയും മാര്‍ച്ച് 31 ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി തിയറി പരീക്ഷകളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 

പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങളുടെ അവലോകനം നടത്തി. മന്ത്രിയോടൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ എന്നിവര്‍ എറണാകുളം ഡി.ഡി ഓഫീസില്‍ നേരിട്ട് എത്തിയാണ് ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തത്. 

ഓണ്‍ലൈനായി നടന്ന അവലോകന യോഗത്തില്‍ റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍, എ.ഡി മാര്‍, ഡി.ഡി.ഇ മാര്‍ എന്നിവര്‍ പങ്കെടുത്തു. 

പരീക്ഷകള്‍ കുറ്റമറ്റതായി തന്നെ നടത്തണമെന്ന് യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു. 47 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതാന്‍ തയാറെടുക്കുന്നത്. 1,92,000 അധ്യാപകരും 22,000 അനധ്യാപകരും പ്രക്രിയകളില്‍ പങ്കാളികളാണ്. 

പരാതികളില്ലാതെ പരീക്ഷ നടത്താന്‍ ശ്രമിക്കണം. സ്‌കൂളുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. 

ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, എസ്.എസ്.എല്‍.സി ചോദ്യപേപ്പറുകളുടെ സുരക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. 

ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങളില്‍ സുരക്ഷയ്ക്കായി സജ്ജീകരണം ഏര്‍പ്പെടുത്തണം. ഇവയുടെ വിതരണവും കുറ്റമറ്റതാകണം 

പൊതു പരീക്ഷകള്‍ ആരംഭിക്കാന്‍ ഇനി 4 ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ ക്രമീകരണങ്ങളും 26 നു തന്നെ പൂര്‍ത്തിയാക്കും. ഹയര്‍സെക്കന്ററി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ആവശ്യമായ ഇന്‍വിജിലേറ്റര്‍മാരെ ലഭ്യമാകാത്തപക്ഷം ബന്ധപ്പെട്ട ഡി.ഡി.ഇ., ഡി.ഇ.ഒമാര്‍, മറ്റ് അദ്ധ്യാപകരെ ഇതിലേയ്ക്കായി നിയമിച്ച് നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. 

എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരക്കടലാസുകള്‍ എത്തിക്കഴിഞ്ഞു.  പരീക്ഷാദിവസങ്ങളില്‍ എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും പരീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും മോണിറ്ററിംഗ് നടത്തുകയും ചെയ്യും.

0/Post a Comment/Comments