ഇന്നുമുതല്‍ ഇന്ധന ടാങ്ക‌ർ ലോറി പണിമുടക്ക്


കൊച്ചി: ജി.എസ്.ടി വിഹിതം ലോറി ഉടമകളില്‍ നിന്ന് ഈടാക്കാനുള്ള എണ്ണക്കമ്ബനികളുടെയും നികുതി വകുപ്പിന്റെയും നീക്കത്തില്‍ പ്രതിഷേധിച്ച്‌ ഇന്നുമുതല്‍ ഇന്ധന ടാങ്ക‌റുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്.

ഇന്ത്യന്‍ ഓയില്‍ ഒഴികെയുള്ള പൊതുമേഖല എണ്ണക്കമ്ബനികളുടെ ഇന്ധന വിതരണം തടസപ്പെടും. 

സംസ്ഥാനത്തെ പകുതിയിലേറെ പമ്ബുകളെ ബാധിക്കും. 60ശതമാനം ഇന്ധനം വിതരണം ചെയ്യുന്നത് ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്ബനികളാണ്. സമരമുണ്ടായാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഇന്ധനക്ഷാമം അനുഭവപ്പെട്ടു തുടങ്ങും.

2015-17 കാലത്തെ 18 ശതമാനം ജി.എസ്.ടിയില്‍ 13 ശതമാനവും ടാങ്ക‌ര്‍ ലോറി ഉടമകള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നികുതി വകുപ്പ് നോട്ടീസ് അയയ്ക്കുന്നതിനെതിരെയാണ് സമരം. 2016ല്‍ ഇന്ധന വിതരണവുമായി ബന്ധപ്പെട്ട് 11 ദിവസം നീണ്ട സമരത്തില്‍ കടുത്ത ഇന്ധനക്ഷാമം നേരിട്ടിരുന്നു.

പണമടച്ച്‌ ഐ.ഒ.സി

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി കരാറി​ലുള്ള 450 ലോറികളുടെ ലോഡിന് 18 ശതമാനം ജി.എസ്.ടി കമ്ബനി തന്നെ അടച്ചു. ഓരോ ലോഡിനും കണ്‍സൈന്‍മെന്റ് നോട്ട് നല്‍കി ലോറികളെ നികുതിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതേ നിലപാട് മറ്റ് രണ്ട് കമ്ബനികളും പിന്തുടരണമെന്ന് സമരസമിതി കണ്‍വീനര്‍ എ.എം.ഡേവിഡ് ആവശ്യപ്പെട്ടു.

 ആകെ പമ്ബുകള്‍

ഐ.ഒ.സി - 650

ബി.പി.സി.എല്‍ - 350

എച്ച്‌.പി.സി.എല്‍ - 350

 650 ലോറികള്‍ സമരത്തിന്

കേരളത്തില്‍ 1100 ടാങ്കര്‍ ലോറികളുണ്ട്. ഇതില്‍ ഭാരത്, ഹിന്ദുസ്ഥാന്‍ കമ്ബനികളുടെ ഇന്ധന വിതരണം നിര്‍വഹിക്കുന്ന 650 ടാങ്കറുകളാണ് പണിമുടക്കുക.

0/Post a Comment/Comments