ന്യൂഡൽഹി> ഇന്ത്യൻ റെയിൽവേയിൽ മൂന്ന് ലക്ഷത്തോളം ഒഴിവുകളുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. റെയിൽവേയിൽ 2519 ഗസറ്റഡ് പോസ്റ്റുകളും നോൺ ഗസറ്റഡ് പോസ്റ്റുകളും ഉണ്ടെന്ന് മന്ത്രിവ്യക്തമാക്കി. രാജ്യസഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് റെയിൽവേ മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 1,48,150 ഉദ്യോഗാർത്ഥികളെയാണ് റെയിൽവേ പുതുതായി റിക്രൂട്ട് ചെയ്തതെന്നും മന്ത്രി അറിയിച്ചു. 2019ൽ 16,851 പേർക്കും 2020ൽ 1,26,765 പേർക്കും 2021ൽ 4,534 പേർക്കും റെയിൽവേയിൽ ജോലി ലഭിച്ചു. ഇതേസമയം 2019ൽ 62,940 പേരും 2020ൽ 65,282 പേരും 2021ൽ56797 പേരും സർവീസിൽ നിന്ന് വിരമിച്ചു.
ഒഴിവുകൾ ഉണ്ടാകുന്നതും നികത്തുന്നതും തുടർച്ചയായ പ്രക്രിയയാണെന്നും പുതുതായി 1,40,713 പേരെ റിക്രൂട്ട് ചെയ്യാനുള്ള നടപടി ക്രമങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ ശുശീൽ കുമാർ മോദിയുടെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് മറുപടിയായിട്ടാണ് റെയിൽവേ മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.
Post a Comment