ഡിജിറ്റല്‍ രൂപ നാളെയെത്തും.. എങ്ങനെ ഉപയോഗിക്കും ?






ചില്ലറ ഇടപാടുകള്‍ക്കായുള്ള റിസര്‍വ് ബാങ്കിന്റെ റീട്ടെയില്‍ ഡിജിറ്റല്‍ രൂപ പരീക്ഷണ അടിസ്ഥാനത്തില്‍ ഡിസംബര്‍ ഒന്നിന് അവതരിപ്പിക്കും. രണ്ട് ഘട്ടങ്ങളിലായി 13 നഗരങ്ങളില്‍ എട്ട് ബാങ്കുകള്‍ വഴി ഇത് അവതരിപ്പിക്കും.


വ്യക്തികള്‍ക്ക് തമ്മില്‍ ഇടപാടുകള്‍ നടത്താന്‍ കഴിയുന്നതും റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നതുമായ റീട്ടെയില്‍ ഡിജിറ്റല്‍ രൂപ തുടക്കത്തില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാനാകില്ല. തിരഞ്ഞെടുത്ത ഗ്രൂപ്പുകള്‍ക്കുള്ളിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ ഇത് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ വ്യാപാരികളും ഉപഭോക്താക്കളുമാകും ഗ്രൂപ്പുകളിൽ ഉണ്ടാവുക.


ഡിജിറ്റല്‍ രൂപ സംവിധാനം നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികള്‍ കണ്ടെത്താന്‍ കൂടിയാണ് പരീക്ഷണ പദ്ധതിയായി അവതരിപ്പിക്കുന്നത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകള്‍ക്കായി ഹോള്‍സെയില്‍ ഡിജിറ്റല്‍ രൂപ നേരത്തേ ആര്‍.ബി.ഐ അവതരിപ്പിച്ചിരുന്നു.


മുംബൈ, ന്യൂഡല്‍ഹി, ബെംഗളൂരു, ഭുവനേശ്വര്‍ എന്നീ നാലു നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ രൂപ ലഭിക്കുക. എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ. ബാങ്ക്, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക് എന്നിവയ്ക്കാണ് വിതരണ ചുമതല.

രണ്ടാം ഘട്ടത്തില്‍ അഹമ്മദാബാദ്, ഗാങ്‌ടോക്, ഗുവാഹാട്ടി, ഹൈദരാബാദ്, ഇന്ദോര്‍, കൊച്ചി, ലഖ്‌നൗ, പട്‌ന, ഷിംല എന്നീ നഗരങ്ങളില്‍ ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിങ്ങനെ ബാങ്കുകളുടെ നിരയും വിപുലമാകും.


ഡിജിറ്റല്‍ ടോക്കണ്‍ രൂപത്തിലായിരിക്കും റീട്ടെയില്‍ ഡിജിറ്റല്‍ രൂപയെത്തുക. നിയമപരമായ സാധുത ഉറപ്പാക്കുന്നതാണ് ഈ ഡിജിറ്റല്‍ നമ്പര്‍. നിലവില്‍ ആര്‍.ബി.ഐ പുറത്തിറക്കുന്ന കറന്‍സി നോട്ടുകളുടെയും നാണയങ്ങളുടെയും അതേ മൂല്യത്തിലാകും ഡിജിറ്റല്‍ രൂപയും ലഭ്യമാകുക.


എട്ട് ബാങ്കുകളാണ് പരീക്ഷണ ഘട്ടത്തില്‍ റീട്ടെയില്‍ ഡിജിറ്റല്‍ രൂപ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ഈ ബാങ്കുകള്‍ ഡിജിറ്റല്‍ വാലറ്റുകള്‍ അവതരിപ്പിക്കും. ഇതുവഴി ആര്‍ക്കും ഡിജിറ്റല്‍ രൂപ മൊബൈല്‍ ഫോണില്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ സൂക്ഷിക്കാനാകും. വ്യക്തികള്‍ തമ്മിലും വ്യക്തികളും വ്യാപാരികളും തമ്മിലുമുള്ള ഇടപാടുകള്‍ക്ക് ഇതുപയോഗിക്കാം. വ്യാപാരസ്ഥാപനങ്ങളില്‍ വെക്കുന്ന ക്യു.ആര്‍. കോഡ് വഴിയാകും ഇടപാടുകള്‍.


നോട്ടുകള്‍ പോലെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കി കൊണ്ടാണ് റീട്ടെയില്‍ ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുന്നത്. ഇടപാടുകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനും കഴിയും. അതേസമയം, അക്കൗണ്ടില്‍ കറന്‍സിയിലുള്ള നിക്ഷേപത്തിന്റെ മാതൃകയില്‍ ഡിജിറ്റല്‍ രൂപയ്ക്ക് പലിശ ലഭിക്കില്ല. എന്നാല്‍ ബാങ്ക് നിക്ഷേപം പോലെ കറന്‍സിയായോ മറ്റേതെങ്കിലും രൂപത്തിലുള്ള പണമായോ ഇതു മാറ്റാനാകും.


0/Post a Comment/Comments