കലക്ടറേറ്റിൽ മാലിന്യ ശേഖരണം ഇനി 'ഡിജിറ്റൽ'




മാതൃകാ കലക്ടറേറ്റ് ക്യാമ്പയിനിന്റെ ഭാഗമായി കണ്ണൂർ കലക്ടറേറ്റ്, അനക്സ് കോമ്പൗണ്ടുകളിലെ എല്ലാ സർക്കാർ ഓഫീസുകളും അജൈവ മാലിന്യ ശേഖരണത്തിൽ ഡിജിറ്റലാകുന്നു. ഇതിന്റെ ഭാഗമായി ഓഫീസുകളിൽ ക്യു ആർ കോഡ് പതിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ജില്ലാ പട്ടികവർഗ വികസന ഓഫീസിൽ നിർവഹിച്ചു. 


കലക്ടറേറ്റും അനക്സും വൃത്തിയും ഭംഗിയുമുള്ളതായി തീർക്കാനുള്ള ഊർജിതമായ പ്രവർത്തനങ്ങൾ വരുംദിവസങ്ങളിൽ നടത്തുമെന്ന് കലക്ടർ പറഞ്ഞു. കേന്ദ്ര നഗരകാര്യമന്ത്രാലയത്തിനു കീഴിലെ സ്വച്ഛ് ഭാരത് മിഷന്റെ ആദരം ലഭിച്ച 'നെല്ലിക്ക' ആപ്പ് ഉപയോഗിച്ചാണ് മാലിന്യ ശേഖരണം നടത്തുക. 


ഇതു സംബന്ധിച്ച വിവരങ്ങൾ യഥാസമയം ജില്ലാ കലക്ടർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിരീക്ഷിക്കാനും വിലയിരുത്താനും കഴിയും. ഓരോ ഓഫീസിലും ശുചിത്വം സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. 


ചടങ്ങിൽ എ ഡി എം കെ കെ ദിവാകരൻ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ സംസാരിച്ചു.

0/Post a Comment/Comments