മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ ​ഗവർണർ; ക്ഷണക്കത്ത് അയച്ചു


ക്രിസ്മസ് ആഘോഷത്തിന് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനിൽ നടക്കുന്ന ആഘോഷത്തിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണക്കത്ത് അയച്ചു. ഈ മാസം 14നാണ് ആഘോഷം നടക്കുക.

കഴിഞ്ഞ തവണ മതമേലധ്യക്ഷൻമാരെ പങ്കെടുപ്പിച്ചായിരുന്നു ഗവർണറുടെ ക്രിസ്മസ് ആഘോഷം. എന്നാൽ, ഇക്കുറി മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ എന്നിവരെയും മത നേതാക്കളെയും ആഘോഷത്തിനു ക്ഷണിച്ചിട്ടുണ്ട്. 

ഡിസംബർ 14 വൈകിട്ട് അഞ്ചിന് ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കണമെന്നാണ് രാജ്ഭവനിൽ‌ നിന്ന് അയച്ച ക്ഷണക്കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേക്ക് മുറിക്കൽ അടക്കമുള്ള ചടങ്ങുകൾ ഉണ്ടാകും. ഗവർണർ ക്ഷണിച്ചാൽ എത്ര തിരക്കുണ്ടായാലും രാജ്ഭവനിൽ എത്തുകയാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും പുലർത്തുന്ന കീഴ്‌വഴക്കം.

സ്പീക്കർ എ.എൻ ഷംസീറും ഉദ്യോഗസ്ഥരും ആഘോഷത്തിന് എത്തും. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ഘട്ടം 13ന് പൂർത്തിയാകുന്നത് കൂടി കണക്കിലെടുത്താണ് ഗവർണർ ആഘോഷം 14ന് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തെ ചടങ്ങിന് ശേഷം കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാനും രാജ്ഭവൻ അധികൃതരോട് ഗവർണർ നിർദേശിച്ചിട്ടുണ്ട്. 

0/Post a Comment/Comments