കണ്ണൂർ: അഭ്യസ്തവിദ്യരായ വനിതകൾക്ക് സ്വകാര്യ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള തൊഴിൽ മേള ഫെബ്രുവരി 25 ശനി രാവിലെ 8 മുതൽ തോട്ടട ഗവ: പോളിടെക്നിക് കോളേജിൽ നടത്തും. രാവിലെ 9 ന് മുൻ എം പി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്.
കേരള നോളജ് ഇക്കോണമി മിഷൻ, ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ എന്നിവ സംയുക്തമായാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. ജില്ലയിലെ സ്വകാര്യ സംരംഭകർക്ക് മുൻതൂക്കം നൽകി സംഘടിപ്പിക്കുന്ന മേളയിൽ ഇത് വരെ അമ്പതിലേറെ കമ്പനികൾ രജിസ്റ്റർ ചെയ്ത് കഴിഞ്ഞു.
250 വ്യത്യസ്ത തസ്തികകളിലായി അഞ്ഞൂറിലേറെ ഒഴിവുകളാണ് നിലവിലുള്ളത്.
നോളജ് ഇക്കോണമി മിഷൻ വികസിപ്പിച്ച ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻ്റ് സിസ്റ്റം അഥവാ ഡി ഡബ്ല്യു എം എസ് പോർട്ടൽ വഴി ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം.
പ്ലേ സ്റ്റോറിൽ നിന്ന് ഡി ഡബ്ല്യു എം എസ് ആപ് ഡൗൺലോഡ് ചെയ്തും രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ട്. തൊഴിൽദാതാക്കളും രജിസ്റ്റർ ചെയ്യണം. ഇമെയിൽ : kshreekdisc.knr@gmail.com. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ യുപി ശോഭ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുൾ ലത്തീഫ്, നോളജ് എക്കോണമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ജി പി സൗമ്യ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എ എസ് ഷിറാസ്, കുടുംബശ്രീ ജില്ലാ കോഡിനേറ്റർ എം സുർജിത്ത്, ഡി ഡി യു ജി കെ ജില്ലാ പ്രോഗ്രാം മാനേജർ ജുബിൻ ചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Post a Comment