വിശ്വാസിയുടെ മൃതദേഹം ചിതയില്‍ ദഹിപ്പിച്ചു; കത്തോലിക്കാ സഭ കണ്ണൂരിൽ പിറന്നത് പുതുചരിത്രം




കണ്ണൂർ: കത്തോലിക്ക സഭയുടെ ഉത്തര മലബാര്‍ മേഖലയില്‍ പുതിയ ചരിത്രം കുറിച്ച്‌ വിശ്വാസിയുടെ മൃതദേഹം ചിതയില്‍ ദഹിപ്പിച്ചു.

കണ്ണൂര്‍ മേലെ ചൊവ്വ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ്മ സെബാസ്റ്റ്യന്റെ ഭൗതികശരീരമാണ് മൃത സംസ്കാര ശുശ്രൂഷകള്‍ക്ക് ശേഷം കണ്ണൂര്‍ പയ്യാമ്ബലം ശ്‌മശാനത്തില്‍ ദഹിപ്പിച്ചത്.


മേലെ ചൊവ്വ കട്ടക്കയം സെബാസ്‌റ്റ്യന്‍ ചെറുപ്പം മുതല്‍ പുരോഗമന ആശയങ്ങളില്‍ വിശ്വസിച്ചിരുന്ന ആളായിരുന്നു.  അനേക ലക്ഷങ്ങള്‍ മുടക്കി കല്ലറകള്‍ പണിയുന്നതിനോട് യോജിപ്പില്ലെന്നും അതിനാലാണ് താന്‍ ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.


മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് പകരം ചിതയില്‍ ദഹിപ്പിക്കാം എന്ന് കത്തോലിക്ക സഭ നേരത്തെ തീരുമാനിച്ചിരുന്നു. എങ്കിലും ഇത് കാര്യമായി പ്രാബല്യത്തില്‍ വന്നിരുന്നില്ല. കൊവിഡ് ബാധിച്ച്‌ മരിച്ച സഭാ വിശ്വാസികളുടെ മൃതദേഹം മുന്‍പ് ചിതയില്‍ ദഹിപ്പിച്ചിരുന്നു. തന്റെയും ഭാര്യയുടെയും മൃതദേഹം ദഹിപ്പിച്ചാല്‍ മതിയെന്ന് സെബാസ്‌റ്റ്യന്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. ഇക്കാര്യത്തില്‍ കത്തോലിക്കാ സഭയ്ക്കും അനുകൂല നിലപാടായിരുന്നു. ലൈസാമ്മ മരിച്ചതോടെ സെബാസ്റ്റ്യന്‍ ഈ ആവശ്യവുമായി ഇടവകയെയും അതിരൂപതയെയും സമീപിച്ചു. സെബാസ്റ്റ്യന്‍റെ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കി സഭ ഒപ്പം നിന്നു.


ലൈസാമ്മയുടെ മൃത സംസ്കാര ശുശ്രൂഷകള്‍ ഇടവക വികാരി ഫാദര്‍ തോമസ് കൊളങ്ങയിലിന്റെ നേതൃത്വത്തിലായിരുന്നു. ഇദ്ദേഹം കുടുംബാംഗങ്ങള്‍ക്കൊപ്പം പയ്യാമ്ബലത്ത് എത്തി. പിന്നീട് പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി. മാനന്തവാടി പുതിയാപറമ്ബില്‍ കുടുംബാംഗമാണ് ലൈസമ്മ. ലൈസാമ്മയ്ക്കും സെബാസ്റ്റ്യനും മൂന്ന് മക്കളുണ്ട്.

0/Post a Comment/Comments