തദേശ സ്ഥാപനങ്ങളുടെ പദ്ധതി സമർപ്പണം: കണ്ണൂർ ജില്ല ഒന്നാമത്കണ്ണൂർ: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ 2023-24 വർഷത്തെ പദ്ധതി സമർപ്പണത്തിൽ കണ്ണൂർ ജില്ല ഒന്നാമത്. ജില്ലാ പഞ്ചായത്ത്, പാനൂർ നഗരസഭ, തലശ്ശേരി നഗരസഭ, പയ്യന്നൂർ നഗരസഭ, കണ്ണൂർ കോർപറേഷൻ, കൂത്തുപറമ്പ് നഗരസഭ, തളിപ്പറമ്പ് നഗരസഭ തുടങ്ങിയ ഏഴ് തദ്ദേശ സ്ഥാപനങ്ങൾ കൂടി പദ്ധതി സമർപ്പിച്ചതോടെയാണ് ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി സമർപ്പണം പൂർത്തിയായത്. 

ജില്ലയിൽ ആകെ 93 തദ്ദേശ സ്ഥാപനങ്ങളാണ് ഉള്ളത്.  
പയ്യന്നൂർ, ഇരിട്ടി നഗരസഭകളുടെയും കണ്ണൂർ കോർപ്പറേഷന്റെയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആക്ഷൻ പ്ലാനും ഡി പി സി അംഗീകാരം നേടി. 

കടമ്പൂരിൽ ലൈഫ് മിഷൻ പദ്ധതിയിൽ പൂർത്തിയാക്കിയ ആദ്യ ഫ്ളാറ്റിന്റെ ഉദ്ഘാടനം ഏപ്രിൽ എട്ടിന് നടക്കുമെന്ന് യോഗാധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ അറിയിച്ചു. ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കാൻ ബാക്കിയുള്ള തദ്ദേശസ്ഥാപനങ്ങൾ സ്ഥലം വിട്ടു നൽകാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. 

കേരള വാട്ടർ അതോറിറ്റിയുടെ പയ്യന്നൂർ സബ് ഡിവിഷനു കീഴിലെ ചെറുപുഴ , പെരിങ്ങോം-വയക്കര, ഉദയഗിരി, നടുവിൽ, ആലക്കോട്, പയ്യാവൂർ, എരുവേശ്ശി പഞ്ചായത്തുകൾ സ്ഥലം വിട്ടു നൽകണമെന്ന് കലക്ടർ അഭ്യർത്ഥിച്ചു. തളിപ്പറമ്പ്, നാറാത്ത് പ്രദേശങ്ങളിൽ കേരള വാട്ടർ അതോറിറ്റി രാത്രി വൈകിയാണ് കുടിവെള്ള വിതരണം പൂർത്തിയാക്കുന്നതെന്ന് തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ യോഗത്തിൽ പരാതി ഉന്നയിച്ചു. പരാതി പരിശോധിച്ച് ആവശ്യമായ  നടപടി സ്വീകരിക്കുമെന്ന് കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഉറപ്പുനൽകി. 

പന്നിയൂർ പഞ്ചായത്തിൽ ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് റോഡ് വെട്ടിപ്പൊളിച്ചെങ്കിലും സമയബന്ധിതമായി റോഡ് റിപ്പയർ ചെയ്യുന്നില്ലെന്ന പരാതി യോഗം ചർച്ച ചെയ്തു. കരാറുകമ്പനിയെ ഉൾപ്പെടുത്തി പ്രത്യേക യോഗം ചേർന്ന് പരാതി പരിഹരിക്കുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ  അറിയിച്ചു. ജല അതോറിറ്റി, പിഡബ്ല്യുഡി അധികൃതർ തമ്മിലുള്ള ജലവിതരണ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് സംബന്ധിച്ച ഏകോപനം ഉണ്ടാവാത്തതും യോഗം ചർച്ച ചെയ്തു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഏപ്രിലിൽ വിളിച്ചുചേർക്കാൻ തീരുമാനിച്ചു.

രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ജില്ലാ വികസന കമ്മീഷണർ ഡി ആർ മേഘശ്രീ, അസി. കലക്ടർ മിസൽ സാഗർ ഭരത്, ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. രത്നകുമാരി, വി ഗീത, കെ താഹിറ, എം പി ശ്രീധരൻ, ഇ വിജയൻ മാസ്റ്റർ, ലിസി ജോസഫ്, ശ്രീനാ പ്രമോദ്, കെ വി ലളിത, കെ വി ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments