കാടിനെക്കാക്കാം , നാടിനെ കേൾക്കാം പരിസ്ഥിതി സൗഹൃദ പൊതുജന സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി വന സൗഹൃദ സദസ്സ്ഇരിട്ടി: കാടിനെക്കാക്കാം , നാടിനെ കേൾക്കാം എന്ന സന്ദേശമുയർത്തി ഇരിട്ടിയിൽ നടന്ന വന സൗഹൃദ സദസ്സിൽ ഉയർന്നത് സ്വയം വിമർശനത്തിനൊപ്പം പരിസ്ഥിതി സൗഹൃദ പൊതുജന സംരക്ഷണ പ്രവർത്തനങ്ങളും. ജില്ലയിൽ വനാതിർത്തികളോട് ചേർന്ന് കിടക്കുന്ന പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും മനുഷ്യനും വന്യ ജീവികളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പൊതുജനങ്ങളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും സ്വീകരിക്കുന്നതിനു മായിട്ടായിരുന്നു വനം വകുപ്പിന്റെ നേതൃത്വത്തിൽ വനസൗഹൃദ സദസ്സ് സംഘടിപ്പിച്ചത്.
വനം മന്ത്രി എ.കെ. ശശീന്ദ്രന്റെയും പട്ടിക ജാതി- പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ മന്ത്രി കെ.രാധാകൃഷ്ണന്റെയും നേതൃത്വത്തിൽ നടന്ന സൗഹൃദ സദസ്സിൽ ജില്ലയിലെ 15ഓളം പഞ്ചാത്തുകളിൽ നിന്നുള്ള പ്രസിഡന്റുമാരും മറ്റ് ജനപ്രതിനിധികളും വന്യമൃഗശല്യം നേരിടുന്ന പ്രദേശങ്ങളിലെ കർഷകരും ഉന്നതതല വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. വനാതിർത്തികളിൽ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിനും വന്യമൃഗങ്ങൾ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് ഉള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്നുമുള്ള ആവശ്യമാണ് ജനപ്രതിനിധികളിൽ നിന്നും ഉണ്ടായത്. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവിലെ പോരായ്മ്കളും തോക്ക് ലൈസൻസിന് ഉണ്ടാകുന്ന കാലതമാസവും വനമേഖലയിലൂടെ കടന്നു പോകുന്ന റോഡുകളുടേയും പാലങ്ങളുടേയും നിർമ്മാണത്തിന് അനുമതി ലഭിക്കുന്നതിന് ഉണ്ടാകുന്ന കാലതാമസവും ജനപ്രതിനിധികൾ ഉന്നയിച്ചു. പൊതുജനങ്ങൾക്ക് അവരുടെ അവശ്യങ്ങൾ നേരിട്ട് ഉന്നയിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും മന്ത്രിമാർക്ക് എഴുതി നൽകാൻ അവസരം ലഭിച്ചു.
വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ നിയമ പുസ്തകത്തിൽ എന്ത് പറയുന്നുവെന്ന് മാത്രം നോക്കി ജോലി ചെയ്യുന്ന ജനങ്ങളെ മറക്കുന്ന സ്ഥിതിയുണ്ടാക്കിയതായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ സ്വയം വിമര്ശനമുയർത്തിക്കൊണ്ട് പറഞ്ഞു. മനുഷ്യനെ മറന്നു കൊണ്ടുള്ള കാട് സംരക്ഷണം പ്രായോഗികമല്ല. ഏത് നിയമവും പൊതുജനങ്ങൾക്ക് ആത്യന്തികമായി ഗുണം ചെയ്യുന്നതാവണം. സർക്കാർ ഫോൺ സംവിധാനം നൽകിയത് പൊതുജനങ്ങളുമായി എളുപ്പത്തിൽ ബന്ധപ്പെടുന്നതിനാണ്. പക്ഷെ പല ഓഫിസുകളിൽ അടിയന്തിര ഘട്ടങ്ങളിൽ ഫോൺ എടുക്കുന്നില്ലെന്ന പരാതിയാണ് കേൾക്കേണ്ടി വരുന്നത്. ഈ പ്രവണത അംഗീകരിക്കാനാവില്ല. അടുത്ത കാലത്ത് നടക്കുന്ന ചില സമരങ്ങളിലെങ്കിലും ആരാഷ്ട്രീയ വാദികൾ കടന്നു കയറിയിട്ടുണ്ട്. അവരുടെ ലക്ഷ്യം എന്താണെന്ന് മുൻകൂട്ടി കാണാൻ നമുക്ക് കഴിയണം. അത്തരം ആളുകളുമായി ചർച്ചക്ക് പോലും സാധ്യതയില്ല. കോടതി ഉത്തരവുകൾ ജനനന്മയ്ക്ക് വേണ്ടിയാണം. സാധാരണക്കാരന് മനസിലാകാത്ത ഉത്തരവുകളാണ് കോടതികളിൽ നിന്നും ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. പിന്നീട് സംസാരിച്ച മന്ത്രി കെ. രാധാകൃഷ്ണൻ ആറളം ഫാമിനെ രക്ഷിക്കാൻ നടപടിയുണ്ടാക്കുമെന്ന് പറഞ്ഞു. ഇവിടെ നിരന്തരം മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കണം. വന്യമൃഗങ്ങൾ കർഷകർക്കുണ്ടാക്കുന്ന നഷ്ടത്തിന്റെ വേദന മൃഗ സ്നേഹം നടിക്കുന്നവർക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
സണ്ണി ജോസഫ് എം.എൽ.എ.അധ്യക്ഷനായി. ചീഫ് ഫോറസ്റ്റ് കാൺസർവേറ്റർ കെ. ജസ്റ്റിൻ മോഹൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി. ഷാജി, തോമസ് വർഗീസ്, മാത്യു കുന്നപ്പള്ളി, ബാബുരാജ് ഉളിക്കൽ, സി.വി.എം. വിജയൻ, കെ. സുരേശൻ, തോമസ് തയ്യിൽ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് ഷബാബ് , നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്. ദീപ എന്നിവർ സംസാരിച്ചു.10.5 കിലോമീറ്റർ സോളാർ തൂക്കുവേലി സ്ഥാപിച്ചതിന് പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യറെ ചടങ്ങിൽ ആദരിച്ചു.
നബാർഡ് സ്‌കീമിൽ ഉൾപ്പെടുത്തി കൊട്ടിയൂർ റെയിഞ്ചിൽ 18.5 കിലോമീറ്ററും തളിപ്പറമ്പ് റെയിഞ്ചിൽ മൂന്ന് കിലോമീറ്റർ സോളാർ തൂക്ക് വേലി, ആറളം ഫാമിൽ നിലവിലുള്ള ആർ ആർ ടിക്ക് പുറമെ 21 അംഗ സ്‌പെഷ്യൽ ടീം, ത്രിതല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പയ്യാവൂർ പഞ്ചായത്തിലെ ചിറ്റാരി മുതൽ ആനപ്പാറ വരെയുള്ള ആറു കിലോമീറ്ററും വഞ്ചിയം മുതൽ മതിലേരിതട്ട് വരെ 4.5 കിലോമീറ്ററിൽ സോളാർ തൂക്കുവേലി, ഏരുവേശി പഞ്ചായത്തിൽ 14.5 കിലോമീറ്ററും ഉദയഗിരി പഞ്ചായത്തിൽ 13 കിലോമീറ്ററും ഉളിക്കൽ പഞ്ചായത്തിൽ 14.5 കിലോമീറ്ററും സോളാർ തൂക്ക് വേലി, പ്രതിരോധ സംവിധാനങ്ങളുടെ സംരക്ഷണവും പരിപാലനവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കുന്നതിനുള്ള നിയമ നിർമ്മാണം നടത്തൽ എന്നീ നിർദ്ദേശങ്ങളും വനസൗഹൃദ സദസ്സിൽ ഉണ്ടായി. വന്യജീവികളുടെ അക്രമണം മൂലം മരണം, പരിക്ക് , കൃഷിനാശം എന്നിവ സംഭവിച്ച 18 പേരുടെ കുടുംബങ്ങൾക്ക് 22.75 ലക്ഷം രൂപയും, 2021 ജൂൺ വരെയുള്ള അപേക്ഷകളിൽ നഷ്ടപരിഹാരവും ചടങ്ങിൽ വെച്ച് കൈമാറി.
വനമേഘലയിലൂടെ കടന്നുപോകുന്ന റോഡുകളുടേയും പാലങ്ങളുടേയും നിർമ്മാണത്തിന് കാലതാമസം കൂടാതെ എൻ ഒ സി നൽകാനും തീരുമാനിച്ചു.

0/Post a Comment/Comments