ആലപ്പുഴ: പോസ്റ്റ് ഓഫിസിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ. മാരാരിക്കുളം വടക്ക് പോസ്റ്റ് ഓഫിസിൽ ജോലി ചെയ്തിരുന്ന പള്ളിപ്പുറം പഞ്ചായത്ത് പതിനഞ്ചാം വാർഡ് പാമ്പുംതറയിൽ അമിതനാഥിനെയാണ് (29) മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. പോസ്റ്റ് ഓഫിസിൽ വിവിധ പദ്ധതികളിലായി നിക്ഷേപിച്ച 21 ലക്ഷത്തോളം രൂപയാണ് ഇവർ തിരിമറി നടത്തിയത്. നിക്ഷേപകർക്ക് വ്യാജ അക്കൗണ്ട് നമ്പറുകൾ സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ പ്രതി, ഓഫിസിൽ അടക്കുന്ന പണം അക്കൗണ്ടിൽ ഇട്ടിട്ടുണ്ടെന്ന് അവരെ തെറ്റിദ്ധരിപ്പിച്ച് വൻ തുക കൈക്കലാക്കുകയായിരുന്നു. മാരാരിക്കുളം സ്റ്റേഷനിൽ ഇവർക്കെതിരെ രണ്ടു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി.
Post a Comment