സ്വര്‍ണം വാങ്ങാന്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡും': സംശയം തോന്നിയാല്‍ ജ്വല്ലറി ഉടമ തന്നെ വിവരം അറിയിക്കണം


കൊച്ചി: സ്വര്‍ണത്തിലൂടെയുള്ള കള്ളപ്പണ ഇടപാടുകള്‍ക്ക് പൂട്ടിടാനുള്ള നീക്കം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. 

10 ലക്ഷം രൂപയ്ക്കുമേലുള്ള എല്ലാ ഇടപാടുകളുടെയും രേഖകള്‍ ഇനി അഞ്ചുവര്‍ഷംവരെ വ്യാപാരികള്‍ സൂക്ഷിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. തീവ്രവാദത്തിന് പണമെത്തുന്നതും കള്ളപ്പണം വെളുപ്പിക്കലും തടയുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ സ്വര്‍ണ-രത്ന വ്യാപാരികള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശം കേന്ദ്രം പുറത്തിറക്കിയത്. സ്വര്‍ണം വാങ്ങാന്‍ വരുന്നവരുടെ രേഖകള്‍ സൂക്ഷിക്കുന്നതിന് പുറമെ, ഇടപാടുകള്‍ സംശയാസ്പദമെന്ന് തോന്നുകയാണെങ്കില്‍ ഫിനാൻഷ്യല്‍ ഇന്റലിജൻസ് യൂണിറ്റിനെ (എഫ് ഐ യു ഇന്ത്യ) അറിയിക്കണം.

 

ഇടപാട് നടന്ന് ഏഴ് പ്രവൃത്തി ദിവസത്തിനകമാണ് സംശയാസ്പദമായ ഇടപാടിനെക്കുറിച്ച്‌ ഫിനാൻഷ്യല്‍ ഇന്റലിജൻസ് യൂണിറ്റിനെ അറിയിക്കേണ്ടത്. സ്ഥാപനത്തില്‍ പ്രിൻസിപ്പല്‍ ഓഫീസര്‍, ചുമതലപ്പെടുത്തിയ ഡയറക്ടര്‍ എന്നിവരെ ഇതിനായി നിയമിക്കണം. ഇടപാട് നടത്തുമ്ബോള്‍ തന്നെ ഇടപാടുകരുടെ തിരിച്ചറിയല്‍ രേഖകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങളുള്‍പ്പെടെ സൂക്ഷിക്കണം.

പുതിയ നിര്‍ദേശം വന്നതോടെ ജ്വല്ലറിയില്‍ നടക്കുന്ന എല്ലാതരം ഇടപാടുകളുടേയും രേഖകള്‍ സ്വര്‍ണവ്യാപാരികള്‍ സൂക്ഷിക്കണം. സ്വര്‍ണം വഴിയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ തടയുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ ജ്വല്ലറി വ്യവസായത്തെ മുഴുവന്‍ 2020 ഡിസംബര്‍ 28 മുതല്‍ ധനകാര്യമന്ത്രാലയം കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ പരിധിയിലാക്കിയിരുന്നു. ഇതിലെ പഴുതുകള്‍ ഉപയോഗിച്ചും കള്ളപ്പണം വെളുപ്പിക്കല്‍ ശക്തമാവുന്നുവെന്ന് കണ്ടെത്തിയതോടെയാണ് പുതിയ നിര്‍ദേശം പുറപ്പെടുവിക്കാന്‍ കേന്ദ്ര തയ്യാറായത്.

സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് മാത്രമല്ല, വെള്ളി, വജ്രം, പ്ലാറ്റിനം, തുടങ്ങി മരതകം വരെ വ്യാപാരം നടത്തുന്നവര്‍ക്കും പുതിയ നിര്‍ദേശം ബാധകമാണ്. 10 ലക്ഷമോ അതിലധികമോ തുകയ്ക്കുള്ള ഇടപാടുകളായാലും രേഖകള്‍ വ്യാപാരികള്‍ സൂക്ഷിക്കണം. ഇത് ഒറ്റത്തവണ മാത്രമാവണമെന്നില്ല, ഒരു മാസത്തിനിടെ പല തവണകളായി നടക്കുന്ന വ്യാപാരം ആയാലും ഇടപാടുകാരുടെ രേഖകള്‍ ജ്വല്ലറി ഉടമകള്‍ ശേഖരിച്ച്‌ വെക്കണം.

അതേസമയം, പുതിയ നിര്‍ദേശത്തില്‍ അതൃപ്തി രേഖപ്പെടുത്തി ജ്വല്ലറി ഉടമകളും രംഗത്ത് വന്നിട്ടുണ്ട്. സ്വര്‍ണം വാങ്ങാനെത്തുന്നവരെ സംശയദൃഷ്ടിയോടെ കാണാൻ വ്യാപാരികള്‍ക്കാവില്ലെന്നാണ് ജ്വല്ലറി ഉടമകളുടെ സംഘടന ഭാരവാഹികള്‍ അറിയിക്കുന്നത്. നിലവിലെ എല്ലാ നിര്‍ദേശങ്ങളും പാലിച്ചാണ് സ്വര്‍ണ വ്യാപാര മേഖല പ്രവര്‍ത്തിക്കുന്നത്. ഇത്തരം നിര്‍ദേശങ്ങള്‍ വിപണയിലേക്കുള്ള പണമൊഴുക്ക് തടയുന്നതിന് ഇടയാക്കുമെന്നും ജ്വല്ലറി ഉടമകള്‍ പറയുന്നു.

 

എന്നാല്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സ്വര്‍ണത്തിലേക്ക് വന്‍തോതില്‍ പണമൊഴുകുന്നുണ്ടെന്ന സംശയം ശക്തമായതോടെ ഈ മേഖലയില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കാന്‍ തന്നെയാണ് കേന്ദ്രത്തിന്റെ തീരുമാനം. അനധികൃത സ്വര്‍ണ വില്‍പന, നികുതി വെട്ടിപ്പ്, കള്ളപ്പണം എന്നിവ സംബന്ധിച്ച പരിശോധന കേരളത്തില്‍ ഉള്‍പ്പടെ ശക്തമാക്കിയിട്ടുണ്ട്.

ഇന്നലെ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിരവധി സ്വര്‍ണ വ്യാപാരശാലകളില്‍ കേന്ദ്ര ജി എസ് ടി ഉദ്യോഗസ്ഥര്‍ റെയിഡ് നടത്തി. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലായി 15ഓളം കടകളിലാണ് റെയിഡ് നടന്നത്. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത സ്റ്റോക്ക് കണ്ട ചില കടകള്‍ക്ക് അപ്പോള്‍ത്തന്നെ പിഴയടയ്ക്കാനുള്ള നോട്ടീസും നല്‍കിയിട്ടുണ്ട്.

റെയിഡിന് പിന്നാലെ സ്വര്‍ണ വ്യാപാരമേഖലയെയാകെ സംശയമുനയില്‍ നിര്‍ത്തുന്ന നടപടികളാണ് നികുതിവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാവുന്നെതെന്ന് ആരോപിച്ച്‌ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്. അബ്ദുല്‍ നാസര്‍ രംഗത്ത് വന്നു. നോട്ടീസ് പോലും നല്‍കാതെയായിരുന്നു ഇന്നലത്തെ റെയ്‌ഡ്. മുന്‍കൂര്‍ നോട്ടീസ് നല്‍കിയും കണക്കുകള്‍ കോള്‍-ഫോര്‍വേഡ് ചെയ്ത് (മുന്‍കൂര്‍ വാങ്ങി പരിശോധന) വിലയിരുത്തിയും പൊരുത്തക്കേടുണ്ടെങ്കില്‍ മാത്രം നടത്തേണ്ടതാണ് റെയ്ഡുകളെന്നും അദ്ദേഹം വ്യക്തമാക്കി.





0/Post a Comment/Comments