കൊട്ടിയൂരില്‍ അടുത്ത തീര്‍ത്ഥാടനത്തിന് മുമ്പ് കൂടുതൽ സൗകര്യം ഒരുക്കാന്‍ ദേവസ്വം ബോര്‍ഡ്


കൊട്ടിയൂര്‍: ഭൗതിക സാഹചര്യങ്ങളിലെ കുറവുകള്‍ പരിഹരിച്ച്‌ അടുത്ത ഉത്സവകാലം മുതല്‍ കൊട്ടിയൂരില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ്.

അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. വൈശാഖോത്സവ നാളുകളില്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി ധാരാളം പേരെത്തുന്നു. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത നിലവില്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. സൗകര്യം വര്‍ദ്ധിപ്പിച്ച്‌ ക്ഷേത്രങ്ങളെ ഭക്തജന സൗഹൃദമാക്കുന്നതിന് സര്‍ക്കാരിന്റെ സഹായത്തോടെ പദ്ധതികള്‍ ഒരുക്കുമെന്നും ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

ഉത്സവകാലത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടികള്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍.മുരളി, കമ്മിഷണര്‍ പി.നന്ദകുമാര്‍, അസി.കമ്മിഷണര്‍ എൻ.കെ.ബൈജു, ഏരിയ കമ്മിറ്റി ചെയര്‍മാൻ പി.കെ.സുധി, കൊട്ടിയൂര്‍ ദേവസ്വം എൻ.എച്ച്‌.ട്രസ്റ്റി രവീന്ദ്രൻ പൊയിലൂര്‍ എന്നിവര്‍ വ്യക്തമാക്കി. പാര്‍ക്കിംഗ് സൗകര്യമൊരുക്കുന്നനായിരിക്കും പ്രഥമ പരിഗണന .ക്ഷേത്രത്തിന് സമീപം പാര്‍ക്കിംഗിനായി സ്ഥലം വാങ്ങുന്നതുള്‍പ്പെടെ പരിഗണനയിലുണ്ട്. ഈ വിഷയത്തില്‍ അഭിപ്രായമറിയാൻ ജൂലായില്‍ വിശദമായ യോഗം വിളിച്ചു ചേര്‍ക്കും. ക്ഷേത്രത്തിലെ വരുമാനത്തില്‍ നല്ല വര്‍ദ്ധനവ് ഇത്തവണ ഉണ്ടായെന്നും ഇവര്‍ അറിയിച്ചു.

ഉത്സവകാലത്ത് അക്കരെ സന്നിധാനത്ത് ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്തത് പോരായ്മയായെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍. ഇത്തരം പോരായ്മകള്‍ പരിഹരിച്ച്‌ അടുത്ത ഉത്സവകാലത്ത് ഭക്തജനങ്ങള്‍ക്ക് വേണ്ട സൗകര്യമൊരുക്കുന്നതിന് മുന്നൊരുക്കം ഇപ്പോഴെ തുടങ്ങും- മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാൻ എം.ആര്‍.മുരളി, കമ്മിഷണര്‍ പി.നന്ദകുമാര്‍

*കൊട്ടിയൂരില്‍ ഉടൻ* 

☀️ഇക്കരെ കൊട്ടിയൂരില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ടൂറിസം കോംപ്ലക്സുകളുടെ ഉദ്ഘാടനം ഉടൻ

☀️ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്ര പരിസരം മതില്‍ കെട്ടി സംരക്ഷിക്കും

☀️നിലം കല്ലുപതിക്കും

☀️ പഴയ കൗണ്ടര്‍ പുതുക്കി പണിയും

☀️കുത്തോട് പുനരുദ്ധാരണം

0/Post a Comment/Comments