നിപ: 11 പേരുടെ പരിശോധന ഫലം നെ​ഗറ്റീവ്, മന്ത്രിമാരുടെ ഉന്നതതല യോ​ഗം ഇന്ന്, കേന്ദ്ര സംഘം രോഗ ബാധിത പ്രദേശങ്ങള്‍ സന്ദ‍ര്‍ശിക്കും


കോഴിക്കോട്: പരിശോധനയ്ക്കയച്ച 11 സാംപിളുകളുടെ പരിശോധനാഫലം നിപ നെഗറ്റീവാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കപട്ടികയിലുള്ളവരടക്കമുള്ളവര്‍ക്കാണ് നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. അതിനിടെ സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിനായി ഇന്ന് മന്ത്രിമാരുടെ ഉന്നത തലയോ​ഗം നടക്കും. 
രാവിലെ പത്തിന് നടക്കുന്ന യോഗത്തിൽ വീണാ ജോർജ്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, എ.കെ ശശീന്ദ്രൻ എന്നിവർ സ്ഥിതിഗതികള്‍ വിലയിരുത്തും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ എന്നിവരും പങ്കെടുക്കും. 11 മണിക്ക് പ്രശ്ന ബാധിത പഞ്ചായത്തുകളിലെ പ്രതിനിധികളുമായി മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ അവലോകനയോഗവും ചേരും. 

കോഴിക്കോട് തുടരുന്ന കേന്ദ്രസംഘം ഇന്ന് രോഗ ബാധിത പ്രദേശങ്ങള്‍ സന്ദ‍ര്‍ശിച്ചേക്കും. ആർജിസിബിയുടെ മൊബൈൽ സംഘവും ഇന്ന് കോഴിക്കോടെത്തും.  ഇന്നു മുതല്‍ ഫീല്‍ഡ് പരിശോധനകള്‍ നടത്തും. ചെന്നൈയില്‍നിന്നുള്ള ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം വവ്വാലുകളുടെ സാംപിള്‍ ശേഖരണം തുടങ്ങും. തിരുവള്ളൂര്‍ പഞ്ചായത്തിലെ 7,8,9 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി. 

950 പേരാണ് നിപ രോഗബാധിതരുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരടക്കമാണ് ഇത്. ഇന്ന് സാംപിളുകള്‍ ആയച്ച 30 പേരില്‍ രണ്ടുപേര്‍ക്ക് രോഗലക്ഷണമുണ്ട്.





0/Post a Comment/Comments