കോഴിക്കോട് ഒരാള്‍ക്കുകൂടി നിപ; വൈറസ് സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകന്

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3 ആയി. രോഗം ബാധിച്ച രണ്ടുപേര്‍ നേരത്തെ മരിച്ചിരുന്നു. 

വൈറസ് ബാധിച്ച് ആദ്യം മരിച്ചാളുടെ 9 വയസ്സുള്ള ആണ്‍കുട്ടി, 24കാരനായ ബന്ധു എന്നിവരാണ് ആരോഗ്യപ്രവര്‍ത്തകന് പുറമേ, നിപ ബാധിച്ച് ചികിത്സയിലുള്ളത്. 9 വയസ്സുള്ള കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. കുട്ടിക്കു വേണ്ടി മോണോക്ലോണല്‍ ആന്റിബോഡി ഇന്നെത്തും.

സമ്പര്‍ക്ക പട്ടികയും കോണ്ടാക്ട് ലിസ്റ്റും തയ്യാറായി വരുന്നു. റൂട്ട് മാപ്പുകള്‍ പ്രസിദ്ധീകരിച്ചു. ഇതുവരെ 706 രപേരാണ് കോണ്ടാക്ട് ലിസ്റ്റിലുള്ളത്. 77 പേര്‍ ഹൈറിസ്‌ക് കോണ്ടാക്ട് ലിസ്റ്റിലാണ്. ഇതില്‍ 153 ആരോഗ്യപ്രവര്‍ത്തകരുണ്ട്. ഹൈറിസ്‌ക് കോണ്ടാക്ട് ആളുകളെ വീടുകളില്‍ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്.

കണ്ടെയിന്‍മെന്റ് സോണുകളില്‍ വാര്‍ഡ് തിരിച്ച് സന്നദ്ധ പ്രവര്‍ത്തകരുടെ ടീം സജ്ജീകരിക്കും. വോളണ്ടിയര്‍മാര്‍ക്ക് ബാഡ്ജ് നല്‍കും. ഐസൊലേഷനില്‍ കഴിയുന്നവരെ വൊളണ്ടിയര്‍മാര്‍ സഹായിക്കും. ഐസൊലേഷന് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കും. ലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം മെഡിക്കല്‍ കോളജിലേക്ക് പോയാല്‍ മതിയാകുമെന്നും മന്ത്രി അറിയിച്ചു.





0/Post a Comment/Comments