വീട്ടുപകരണങ്ങൾ വിൽക്കാനെത്തി, വീട്ടമ്മയുടെ മുഖത്ത് ദ്രാവകമൊഴിച്ച് ബോധം കെടുത്തി കവർച്ച

കോഴിക്കോട്: വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ യുവാവ് വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തിയ ശേഷം സ്വര്‍ണ്ണമാല കവര്‍ന്നതായി പരാതി. കോഴിക്കോട് ചീക്കിലോട് സ്വദേശി ശ്രീദേവിയുടെ മൂന്നരപ്പവന്‍റെ മാലയാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ അത്തോളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ശ്രീദേവിയും മകനും താമസിക്കുന്ന ചീക്കിലോടെ വീട്ടില്‍ ഇന്നലെ ഉച്ചക്ക് ശേഷമാണ് വീട്ടുപകരണങ്ങളുമായി യുവാവ് എത്തിയത്. മകന്‍ പുറത്ത് പോയതിനാല്‍ ശ്രീദേവി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സാധനങ്ങള്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ യുവാവ് കുടിവെള്ളം ആവശ്യപ്പെട്ടു. വെള്ളവുമായി വന്നപ്പോള്‍ കുപ്പിയില്‍ കരുതിയിരുന്ന ദ്രാവകം മുഖത്തേക്കൊഴിക്കുകയായിരുന്നുവെന്നാണ് ശ്രീദേവി പറയുന്നത്. പിന്നാലെ ബോധം നഷ്ടമായി. കുറച്ച് സമയം കഴിഞ്ഞ് ബോധം വന്നപ്പോഴാണ് സ്വര്‍ണ്ണമാല നഷ്ടമായ കാര്യം അറിഞ്ഞതെന്ന് ശ്രീദേവി പറയുന്നു.

സംഭവത്തിന് പിന്നാലെ ശ്രീദേവിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാദാപുരം ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദീരികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

0/Post a Comment/Comments