ഭൂമി തരംമാറ്റം: തീര്‍പ്പാക്കല്‍ വേഗത്തിലാക്കാൻ ഡെപ്യുട്ടി കലക്ടര്‍മാര്‍ക്കും അധികാരം


തിരുവനന്തപുരം: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന പരാതികള്‍ തീര്‍പ്പാക്കാനാണ് നിലവിലെ 27 ആര്‍.ഡി.ഒമാര്‍ക്ക് പുറമേ, 42 ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കുകൂടി അധികാരം നല്‍കി കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണം നിയമം ഭേദഗതി ചെയ്യുന്നതെന്ന് മന്ത്രി കെ. രാജൻ. 

ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് 2017 മുതല്‍ 2022 വരെ 2.26 ലക്ഷം അപേക്ഷകളാണ് ഓഫ്ലൈനായി ലഭിച്ചത്. ഇതില്‍ 2.23 ലക്ഷം തീര്‍പ്പാക്കി. അതേസമയം, ഓണ്‍ലൈൻ സംവിധാനം ഏര്‍പ്പെടുത്തിയ 2022 ഫെബ്രുവരിക്കുശേഷം 3.17 ലക്ഷം അപേക്ഷ ഓണ്‍ലൈനായി എത്തി. ഇതില്‍ തീര്‍പ്പാക്കാനായത് 82,508 അപേക്ഷകള്‍ മാത്രമാണ്. 2.28 ലക്ഷം ശേഷിക്കുന്നു. ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കുകൂടി അധികാരം കിട്ടുന്നതോടെ 27 കേന്ദ്രങ്ങളില്‍ പരിമിതമായ പരാതി തീര്‍പ്പാക്കല്‍ 69 കേന്ദ്രങ്ങളിലേക്ക് കൂടി വിശാലമാകും. ശേഷിക്കുന്ന 2.28 ലക്ഷം അപേക്ഷകളില്‍ 1.16 ലക്ഷവും നിലം കരയാക്കാനുള്ള ഫോറം ആറു പ്രകാരമുള്ളതാണ്. ഇതു തുടരണോ എന്ന കാര്യം ആലോചിക്കേണ്ടിവരും. 

ഉദ്യോഗസ്ഥരുടെ എണ്ണക്കുറവാണ് മറ്റൊരു പ്രശ്നം. 2022 ഫെബ്രുവരി 22വരെ 990 ഉദ്യോഗസ്ഥരും 341 വാഹനങ്ങളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍, പ്രമോഷനിലൂടെ 68 ജൂനിയര്‍ ഓഫിസര്‍മാരെയും പി.എസ്.സി വഴി 180 ക്ലര്‍ക്കുമാരെയും എംപ്ലോയ്മെന്‍റില്‍നിന്ന് 121 സര്‍വേയര്‍മാരെയും ഉള്‍പ്പെടുത്തി പരാതി തീര്‍പ്പാക്കല്‍ സംവിധാനത്തിലെ ഉദ്യോഗസ്ഥ സംവിധാനം ശക്തിപ്പെടുത്തും.






0/Post a Comment/Comments