ഡീസല്‍ വാഹനങ്ങള്‍ക്ക് പത്തുശതമാനം അധിക ജിഎസ്ടി'; സര്‍ക്കാര്‍ പരിഗണനയിലെന്ന്‌ കേന്ദ്രമന്ത്രി


ന്യൂഡല്‍ഹി: ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി പത്തുശതമാനം ജിഎസ്ടി കൂടി ചുമത്താന്‍ നീക്കം. പൊല്യൂഷന്‍ ടാക്‌സ് എന്ന പേരില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി പത്തുശതമാനം കൂടി ജിഎസ്ടി ചുമത്തുന്ന കാര്യം ആലോചിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. വായു മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് പദ്ധതി ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

63-ാംമത് സിയാം വാര്‍ഷിക സമ്മേളനത്തിലാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്. വായു മലിനീകരണം ഉയരുന്നത് ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇതിന് പരിഹാരമെന്നോണം ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി പത്തുശതമാനം കൂടി ജിഎസ്ടി ചുമത്തുന്ന കാര്യം പരിഗണിക്കണമെന്ന് കാട്ടി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് കത്ത് നല്‍കുമെന്നും ഗഡ്കരി പറഞ്ഞു. നിലവില്‍ രാജ്യത്ത് ഓടുന്ന വാണിജ്യ വാഹനങ്ങളില്‍ ഒട്ടുമിക്കതും ഡീസല്‍ വാഹനങ്ങളാണ്. യാത്ര വാഹനങ്ങളുടെ കാര്യമെടുത്താല്‍ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയും ഹോണ്ടയും ഡീസല്‍ കാറുകളുടെ നിര്‍മ്മാണം നിര്‍ത്തിയതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നിലവില്‍ ഡീസല്‍ വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിപണിയില്‍ ഡീസല്‍ വാഹനങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്താന്‍  വാഹന നിര്‍മ്മാതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഡീസല്‍ കാറുകളോട് ഗുഡ്‌ബൈ പറയാന്‍ സാധിക്കണം. ഡീസല്‍ കാറുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് നിര്‍ത്താന്‍ വാഹന നിര്‍മ്മാതാക്കള്‍ തയ്യാറാകണം. അല്ലെങ്കില്‍ ഡീസല്‍ കാറുകളുടെ വില്‍പ്പന ബുദ്ധിമുട്ടേറിയ ഒന്നാക്കി മാറ്റി നികുതി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിലവില്‍ വാഹനങ്ങള്‍ക്ക് 28 ശതമാനമാണ് ജിഎസ്ടി. ഇതിന് പുറമേ അധിക നികുതി സെസിന്റെ രൂപത്തിലും പിരിക്കുന്നുണ്ട്.0/Post a Comment/Comments