ഹയർ സെക്കൻഡറി പ്രവേശനം: ഇത്തവണ 35,700 സീറ്റുകൾ



കണ്ണൂർ: ജില്ലയിൽ ഈ അധ്യയന വർഷം പ്ലസ് വൺ 35,700 സീറ്റുകൾ. ഇതിൽ സർക്കാർ സ്‌കൂളുകളിൽ 19,860 സീറ്റുകളും എയ്ഡഡ് സ്കൂളുകളിൽ 13,390 സീറ്റുകളും അൺ-എയ്ഡഡ് സ്കൂളുകളിൽ 2450 സീറ്റുകളുമാണ് ഉള്ളത്.

2022-23 അധ്യയന വർഷം താത്കാലികമായി അനുവദിച്ച സീറ്റുകൾ ഇത്തവണയും ഉണ്ട്. സർക്കാർ സ്കൂളുകളിൽ 975-ഉം എയ്ഡഡിൽ 240-ഉം ആണ് അധികം അനുവദിച്ചിരുന്നത്.

2023-24 അധ്യയന വർഷത്തിൽ ജില്ലയിൽ എസ് എസ് എൽ സി പരീക്ഷ എഴുതിവരിൽ 36,024 പേരാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത്. കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനം മാർജിനൽ വർധനവും (50+15) ആവശ്യമെങ്കിൽ എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം മാർജിനൽ സീറ്റ് വർധനവും (50+5) അനുവദിച്ചിട്ടുണ്ട്.

ആശങ്ക വേണ്ടെന്നും ജില്ലയിൽ എല്ലാ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. ഇപ്പോൾ പകുതി പോലും കുട്ടികൾ ഏകജാലകത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും 25-ന് ശേഷം സീറ്റുകൾ കുറവെങ്കിൽ ഡയറക്ടറേറ്റിൽ നിന്ന് അധികം സീറ്റുകൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ അധ്യയന വർഷത്തിൽ 34,000-ത്തിൽ അധികം പ്ലസ് വൺ സീറ്റുകൾ ജില്ലക്ക് ഉണ്ടായിരുന്നു. ഇത്തവണ പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് 29-നും ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് 12-നും മൂന്നാം അലോട്ട്മെന്റ് 19-നും പ്രസിദ്ധീകരിക്കും. ജൂൺ 24-നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്.

-

0/Post a Comment/Comments