കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ


ബം​ഗളൂരു: ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ ഐഎക്സ് 1132 വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. പൂണെ-ബംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ബംഗളൂരുവില്‍ യാത്രക്കാരെ ഇറക്കിയ ശേഷം പറന്നുയരുന്നതിനിടെ എന്‍ജിനില്‍ നിന്നും തീ പടരുകയായിരുന്നു. ഇന്നലെ രാത്രി 11നാണ് സംഭവം.

എമർജൻസി വാതിലിലൂടെ ഒഴിപ്പിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാരിൽ ചിലർക്ക് പരുക്കേറ്റു. പിന്നീട് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ തീ അണച്ചതായി അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാത്രി 7.40ന് പുണെയിൽ നിന്നു പുറപ്പെടേണ്ട വിമാനം 8.20നാണ് യാത്ര തിരിച്ചത്. 10.30ന് ബംഗളൂരുവിൽ ഇറങ്ങിയ ശേഷം 10.50ന് കൊച്ചിയിലേക്കു പുറപ്പെട്ടു. വിമാനം പറന്നുയർന്ന് 4 മിനിറ്റിനു ശേഷം തീ പടരുകയായിരുന്നു. 179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കിയതായി വിമാനത്താവളം അധികൃതര്‍ അറിയിച്ചു.


0/Post a Comment/Comments