തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.
ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയല്‍ രോഗം ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സിഎംസി വെല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേകതരം ചെള്ളിലൂടെയാണ് രോഗാണു പകരുന്നത്.
സെപ്റ്റംബർ എട്ടിനാണ് ശരീര വേദനയും വിശപ്പില്ലായ്മയും തളർച്ചയും മൂലം ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരിശോധനകളില്‍ കരളിന്റെയും കിഡ്നിയുടെയും പ്രവർത്തനം തകരാറിലായതായും കണ്ടെത്തി. സാധാരണ കേരളത്തില്‍ കണ്ടുവരുന്ന ചെള്ള്പനി അടക്കമുള്ളവയുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവായിരുന്നു. പിന്നാലെ സിഎംസി വെല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചത്. അതിഗുരുതാവസ്ഥയിലായിരുന്ന രോഗിയുടെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്.
എസ്പി മെഡ് ഫോർട്ട് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയർ സംഘം ഉള്‍പ്പെടുന്ന പ്രത്യേക മെഡിക്കല്‍ പാനലാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. മ്യൂറിൻ ടൈഫസിന് കാരണമാകുന്ന രോഗാണു പകരുന്നത് പ്രത്യേകതരം ചെള്ളിലൂടെയാണ്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല. രോഗബാധ റിപ്പോർട്ട് ചെയ്തത് ആരോഗ്യവകുപ്പിനെയും ഐസിഎംആറിനെയും അറിയിച്ചിട്ടുണ്ട്.
Post a Comment