ഇരിട്ടി : ഉളിക്കൽ മണിപ്പാറയിലെ തെങ്ങും മൂട്ടിൽ ടി. ആർ. രമ്യ (29) യുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അമ്മ പരിക്കളത്തെ തെങ്ങും മൂട്ടിൽ സരോജിനി വനിതാ കമ്മീഷന് പരാതി നൽകി. കഴിഞ്ഞ സെപ്റ്റംബർ 29 ന് രമ്യയെ മണിപ്പാറയിലുള്ള ഭർതൃവീട്ടിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടെന്ന് പറഞ്ഞു ഭർത്താവ് കൊച്ചയ്യത്ത് രാജേഷിന്റെ ബന്ധു പരിക്കളത്തെ രമ്യയുടെ ബന്ധുക്കളെ വിവരമറിയിച്ചത്.
തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിയ രമ്യയുടെ ബന്ധുക്കൾ കണ്ടത് രമ്യയുടെ മൃതദേഹമാണ്.
തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും, മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കാണിച്ചു കൊണ്ട് രമ്യയുടെ മാതാവ് ഇരിട്ടി ഡി വൈ എസ് പി ക്കും പരാതി നൽകിയിരുന്നു.
ഇതിന്റ അടിസ്ഥാനത്തിൽ രമ്യയുടെ ബന്ധുക്കളുടെ സാനിദ്ധ്യത്തിൽ രമ്യ തൂങ്ങിയെന്ന് പറയുന്ന മുറിയും, പരിസരവും പോലീസ് പരിശോധിച്ചിരുന്നു. രമ്യയുടെത് തൂങ്ങി മരണമാണെന്നാണ് കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും പറയുന്നത്.
ഭർത്താവ് രാജേഷും, മാതാപിതാക്കളും ചേർന്ന് രമ്യയെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നതായി അമ്മ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.
കമ്മീഷൻ നേരിട്ട് രമ്യയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും, ഗാർഹിക പീഡനത്തിന് നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് രമ്യയുടെ മാതാവ് സരോജിനി വനിതാ കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.
Post a Comment