പുലിയെ കണ്ടതായി നാട്ടുകാർ - വാണിയപ്പാറമേഖലയിലെ ജനങ്ങൾ ഭീതിയിൽ

 

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ  വാണിയപ്പാറ ജനവാസ  മേഖലയിൽ പുലി ഇറങ്ങിയതായി സംശയം. മൂന്ന് മാസത്തിനിടയിൽ പല തവണകളായി പുലിയെന്നു തോന്നിക്കുന്ന ജീവിയെ പലരും കണ്ടതായാണ് നാട്ടുകാർ പറയുന്നത്.  വനമേഖലയിൽ നിന്നും ഏഴു കിലോമീറ്ററോളം ദൂരത്ത് കിടക്കുന്ന ജനവാസ  പ്രദേശമാണ് ഇവിടം. ഇവിടെ  മൂന്ന് ദിവസം മുൻമ്പ് മൂന്ന് മാസം പ്രായമായ ഒരു ആട്ടിനേയും  കടിച്ചു കൊല്ലുകയും  ആടിന്റെ ചില അവശിഷ്ടങ്ങൾ മാത്രം കണ്ടെത്തുകയും ചെയ്തു. 
വാണിയപ്പാറയിലെ നിരങ്ങൻ  പാറ മേഖലയിലാണ്  പുലിയുടെ സാനിധ്യമുള്ളതായി നാട്ടുകാർ സംശയിക്കുന്നത്.  കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയോടെയാണ് നിരങ്ങാംപാറ പുല്ലാനിപറമ്പിൽ പെയിന്റിംഗ് തൊഴിലാളിയായ  കെ. എസ്. സുനിലിന്റെ വീടിന് സമീപം പുലിയെ  കണ്ടത്.  സുനിൽ ജോലിക്ക് പോകാനായി വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ  വീട്ടിന് സമീപത്തെ പറമ്പിൽ  പുലിയെ കാണുകയും വിവരം വീട്ടുകാരെ അറിയിക്കാനായി വിളിക്കുന്നതിനിടെ  വേഗത്തിൽ ഓടിപോവുകയും ചെയ്തു.  സമീപത്തെ വീട്ടിൽ നിരവധി പൂച്ചകളുണ്ട് . ഇവയെ പിടിക്കാൻ എത്തിയതാണെന്നാണ് സംശയിക്കുന്നത്. മേഖലയിൽ കൃഷിയിടത്തിൽ ഉൾപ്പെടെ പലഭാഗങ്ങളിലും പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട് . എന്നാൽ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയാൽ മാത്രമേ പുലിയുടെ സാന്നിധ്യം ഉറപ്പാക്കാൻ കഴിയൂ. മേഖലിയിൽ പുലിയുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും എന്നാൽ പുലിയെന്ന് തോന്നിക്കുന്ന രീതിയിലുള്ള മറ്റെന്തോ ജീവി മേഖലയിൽ ഉള്ളതായി സംശയിക്കുന്നതായും കൊട്ടിയൂർ റെയിഞ്ചർ സുധീർ നരോത്ത് പറഞ്ഞു. മേഖലയിൽ വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു .
   ഏക്കറുകളോളം  കൃഷിയിടങ്ങളുള്ള പ്രദേശത്ത് നിരവധി വീടുകളുണ്ട് . കാട് പിടിച്ചുകിടക്കുന്ന നിരവധി  പ്രദേശങ്ങളും ഇവിടെ യുണ്ട്.  നാട്ടുകാർ പലതവണ പുലിയെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടു എന്നതിനാൽ തന്നെ നാട്ടുകാർ ഏറെ ആശങ്കയിലാണ്.  ഒറ്റയ്ക്ക് കൃഷിയിടത്തിൽ പോകുന്നതിനും  തീറ്റപ്പുൽ ശേഖരിക്കുന്നത്തിനും, രാവിലെ റബ്ബർ ടാപ്പിങ്ങിനിറങ്ങാനും  മറ്റും ഭീതികാരണം  മടിക്കുകയാണ് ജനങ്ങൾ.

0/Post a Comment/Comments