കണ്ണൂർ: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ പരാതിപ്പെട്ടിയുമായി ജില്ലാ ജാഗ്രതാസമിതി. അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ നൽകുന്നതിനാണ് ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിൽ പരാതിപ്പെട്ടി സ്ഥാപിച്ചത്.
ഇനിമുതൽ പരാതി വിശദമായി എഴുതി പരാതിപ്പെട്ടിയിൽ നിക്ഷേപിച്ചാൽ മതി. ലഭിക്കുന്ന പരാതികൾ ഓരോ മാസവും ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ പരിശോധിക്കും. തുടർന്ന് വനിതാ കമ്മിഷന്റെ സഹകരണത്തോടെ പരാതിക്കാരിയെയും എതിർകക്ഷിയെയും ഉൾപ്പെടുത്തി വനിതാ അദാലത്ത് സംഘടിപ്പിച്ച് പ്രശ്നത്തിന് പരിഹാരം കാണും. പരാതികൾ ഇ-മെയിലായി അയക്കാനുള്ള സംവിധാനവുമുണ്ട്. jagrathakannur@gmail.com ലേക്ക് പരാതി അറിയിക്കാം. തദ്ദേശസ്ഥാപനതലത്തിലും പരാതിപ്പെട്ടികൾ സ്ഥാപിക്കും. പഞ്ചായത്തുതലത്തിൽ പ്രവർത്തിക്കുന്ന ജാഗ്രതാസമിതികൾ കൂടുതൽ ശക്തിപ്പെടുത്തും. മുൻ മന്ത്രി പി.കെ. ശ്രീമതി പരാതിപ്പെട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജാഗ്രതാസമിതി ചെയർപേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ അഡ്വ. ടി. സരള, വി.കെ. സുരേഷ് ബാബു, അഡ്വ. കെ. രത്‌നകുമാരി, ജാഗ്രതാസമിതി അംഗം പി.കെ. ശ്യാമള, എ.സി.പി. ജസ്റ്റിൻ എബ്രഹാം, ജില്ലാ വനിതാ-ശിശു വികസന ഓഫീസർ ഡീന ഭരതൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്ന പി.കെ. ശ്രീമതിയെ ആദരിച്ചു. പി.പി. ദിവ്യ ഉപഹാരം നൽകി.
Post a Comment