രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് തിരിതെളിഞ്ഞു

 തിരുവനന്തപുരം>   ഇരുപത്താറാമത്‌ കേരള രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക്‌ തുടക്കം. ഐ എസ്‌ ആക്രമണത്തിൽ ഇരുകാലുകളും നഷ്‌ടപ്പെട്ടിട്ടും സിനിമകൊണ്ട്‌ ഉയിർത്തെഴുന്നേറ്റ കുർദിഷ്‌ സംവിധായിക ലിസ ചലാൻ എന്നിവർ സംഗമിച്ച ഉദ്‌ഘാടനവേദി പോരാടുന്ന പെൺകരുത്തുകൾക്കുള്ള കേരളത്തിന്റെ ഐക്യദാർഡ്യമായി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢസദസിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയ്ക്ക്‌ തിരിതെളിച്ചു.

 

തുർക്കിയിൽ ഐ എസ് തീവ്രവാദികൾ നടത്തിയ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നൽകി മുഖ്യമന്ത്രി ആദരിച്ചു. അഞ്ച്‌ ലക്ഷം രൂപയും ശിൽപവുമാണ്‌ പുരസ്‌കാരം. ചടങ്ങിലെ മുഖ്യാതിഥികളായ ലിസ ചലാൻ,  നടി ഭാവന, ഉദ്‌ഘാടനചിത്രമായ രഹ്ന മറിയം നൂറിലെ നായിക അസ്‌മരി ഹഖ്‌, സംവിധായകനും ബോളിവുഡ് നവസിനിമയുടെ സാരഥിയുമായ അനുരാഗ് കശ്യപ് എന്നിവരെ നീണ്ട കരഘോഷത്തോടെയാണ്‌ സദസ്‌ എതിരേറ്റത്‌.


മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. മന്ത്രി വി ശിവൻകുട്ടി മന്ത്രി ആന്റണി രാജുവിന്‌ നൽകി ഫെസ്‌റ്റിവൽ ബുക്കും  മന്ത്രി ജി ആർ അനിൽ മേയർ ആര്യ രാജേന്ദ്രന്‌ നൽകി ഫെസ്‌റ്റിവൽ ബുള്ളറ്റിനും പ്രകാശിപ്പിച്ചു. ചലച്ചിത്ര സമീക്ഷയുടെ മേളപ്പതിപ്പ്‌ വി കെ പ്രശാന്ത്‌ എംഎൽഎ കെഎസ്‌എഫ്‌ഡിസി ചെയർമാൻ ഷാജി എൻ കരുണിന്‌ നൽകി പ്രകാശിപ്പിച്ചു.


ഓസ്‌കാർ നോമിനേഷൻ ലഭിച്ച ആദ്യ ബംഗ്ലാദേശി ചിത്രമായ ‘രഹന മറിയം നൂർ’ ആയിരുന്നു  ഉദ്ഘാടന ചിത്രം. അന്തരിച്ച പിന്നണി ഗായിക ലതാ മങ്കേഷ്കർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്‌ ഗായത്രി അശോകൻ ഗാനങ്ങൾ ആലപിച്ചു.  25 വരെ എട്ടുദിവസങ്ങളിലായി 15 തിയറ്റററിൽ നടക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 173 ചിത്രം പ്രദർശിപ്പിക്കും.  കന്നട സംവിധായകൻ ഗിരീഷ് കാസറവള്ളിയാണ് ജൂറി ചെയർമാൻ.   

അഫ്‌ഗാനിസ്ഥാൻ, കുർദിസ്ഥാൻ, മ്യാൻമാർ എന്നീ സംഘർഷബാധിത മേഖലകളിൽനിന്നുള്ള ചിത്രങ്ങൾ മേളയുടെ ആകർഷണമാണ്‌.


സാംസ്‌കാരികവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്‌, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്‌ജിത്‌, വൈസ്‌ ചെയർമാൻ പ്രേംകുമാർ, ആർടിസ്‌റ്റിക്‌ ഡയർക്‌ടർ ബീന പോൾ, സെക്രട്ടറി സി അജോയ്‌, യുവജന കമീഷൻ ചെയർപേഴ്‌സൻ ചിന്ത ജെറൊം  എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments