ബോൺ നത്താലെ ക്രിസ്മസ്സ് സന്ദേശ യാത്ര; ഇരിട്ടി നഗരം കീഴടക്കി ക്രിസ്മസ് പാപ്പാമാർ

 




ഇരിട്ടി: തലശ്ശേരി അതിരൂപത കെസിവൈഎംന്റെയും, കല്ലറയ്ക്കൽ മഹാറാണി ജ്വല്ലേഴ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ബോൺ നത്താലെ ഇരിട്ടി നഗരത്തെ കീഴടക്കിയ പാപ്പാമാരുടെ സംഗമമായി മാറി. ബാന്റ് മേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് പാപ്പാമാർ ക്രിസ്തുമസ്സ് കരോൾ ഗാനത്തിനൊപ്പം നൃത്തചുവടുകൾ വെച്ചു. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ ചിത്രീകരിച്ചു കൊണ്ടുള്ള ദൃശ്യാവിഷ്കാരങ്ങൾ കൃസ്തുമസ് സന്ദേശ യാത്രയിൽ അണിനിരന്നു. ഇരിട്ടി പാലത്തിന് സമീപം തന്തോട് നിന്നും ആരംഭിച്ച വർണ്ണാഭമായ റാലി ഇരിട്ടി മുൻസിപ്പൽ സ്റ്റേഡിയത്തിൽ അവസാനിച്ചു.
തുടർന്ന് ബോൺ നത്താലെ സ്റ്റേജിൽ തലശ്ശേരി അതിരൂപതാ അർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ക്രിസ്തുമസ്സ് സന്ദേശം നൽകി. എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ തുടങ്ങിയവർ സംസാരിച്ചു. മഹാറാണി ജ്വല്ലേഴ്സിനെ പ്രതിനിധീകരിച്ച് റപ്പായി കല്ലറയ്ക്കൽ, സുജയ് കല്ലറക്കൽ , ജയ് വർഗ്ഗീസ് കല്ലറക്കൽ തുടങ്ങിയവർ പങ്കെടുത്തു.
രാവിലെ ഇരിട്ടി സെന്റ് ജോസഫ് ഓഡിറ്റോറിയത്തിൽ നടന്ന കരോൾ ഗാനമത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾ ബോൺ നത്താലെ സ്റ്റേജിൽ കരോൾ ഗാനമാലപിച്ചു. തുടർന്ന് നടന്ന കലാസന്ധ്യയിൽ ക്രിസ്തുമസ്സ് കരോൾ ഗാനത്തോടൊപ്പം അനേകം കലാകാരൻമാർ അണിനിരന്ന നൃത്തോൽസവം അരങ്ങേറി. കെസിവൈഎം അതിരൂപത പ്രസിഡന്റ് കുമാരി ചിഞ്ചു വട്ടപ്പാറ, അതിരൂപതാ ഡയറക്ടർ ഫാ. ജീൻസ് വാളിപ്ലാക്കൽ, അതിരൂപതാ ജനറൽ സെക്രട്ടറി നിഖിൽ സാബു തയിൽ, നെല്ലിക്കാംപൊയിൽ, എടൂർ, കുന്നോത്ത് പേരാവൂർ ഫൊറോന വികാരിമാർ, കെസിവൈഎം പ്രസിഡന്റുമാർ, ഡയറക്ടേഴ്സ്, യുവജന നേതാക്കൾ എന്നിവർ നേതൃത്വം കൊടു ത്തു.

0/Post a Comment/Comments