ലെഗ്ഗിന്‍സ് ധരിച്ച് വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് അധ്യാപികയുടെ പരാതി. മലപ്പുറം എടപ്പറ്റ സി.കെ.എച്ച്. എം. ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് പ്രധാനാധ്യാപികക്കെതിരെ ഡി. ഇ.ഒക്ക് പരാതി നല്‍കിയത്.
സ്‌കൂളിലെ ഹിന്ദി അധ്യാപികയായ സരിതയാണ് പ്രധാനാധ്യാപികക്കെതിരെ പരാതി ഉന്നയിച്ചത്. കുട്ടികള്‍ യൂണിഫോം ധരിക്കാത്തത് താന്‍ ലെഗിന്‍സ് ധരിക്കുന്നത് കൊണ്ടാണെന്ന് പ്രധാനാധ്യാപിക കുറ്റപ്പെടുത്തിയെന്ന് അധ്യാപിക ട്വന്റിഫോറിനോട് പറഞ്ഞു. കുട്ടി യൂണിഫോം ധരിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനിടെ പ്രധാനാധ്യാപിക വിഷയം മാറ്റിയെന്നും തന്റെ വസ്ത്രധാരണവുമായി അതിനെ ബന്ധപ്പെടുത്തിയെന്നുമാണ് സരിത രവീന്ദ്രനാഥിന്റെ പരാതി. താന്‍ മാന്യമല്ലാത്ത ഒരു വസ്ത്രവും ധരിച്ച് സ്‌കൂളിലെത്തിയിട്ടില്ല. തന്റെ വസ്ത്രധാരണത്തിന് എന്താണ് കുഴപ്പമെന്ന് പ്രധാനാധ്യാപികയോട് താന്‍ തിരിച്ച് ചോദിച്ചെന്നും സരിത പറഞ്ഞു.
പ്രധാനാധ്യാപികയുടെ വാക്കുകള്‍ കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടാക്കി. അതിനാലാണ് പ്രധാനാധ്യാപികക്കെതിരെ ഡിഇഒക്ക് പരാതി നല്‍കിയതെന്നും സരിത രവീന്ദ്രനാഥ് പറഞ്ഞു. ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്നും മേലധികാരികള്‍ ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കാമെന്നുമായിരുന്നു ആരോപണ വിധേയയായ സ്‌കൂളിലെ പ്രധാനാധ്യാപിക കെ കെ റംലത്തിന്റെ പ്രതികരണം. 2019 ലെ മിസിസി കേരള കൂടിയാണ് സരിത രവീന്ദ്രന്‍.
Post a Comment