ഗ്രന്ഥശാലകൾ അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങൾ: മുഖ്യമന്ത്രി


പിണറായി: സമാനതകളില്ലാത്ത സാംസ്കാരിക കൂട്ടായ്മകളാണ് ഗ്രന്ഥശാല പ്രസ്ഥാനമെന്നും ഗ്രന്ഥശാലകൾ അനൗപചാരിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി ബാങ്ക് ഹാളിൽ ധർമ്മടം സമ്പൂർണ ലൈബ്രറി മണ്ഡലം പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കേ ഇന്ത്യയിലെ നാട്ടിൻപുറങ്ങളിൽ വായനാശാലകളും ഗ്രന്ഥശാലകളും അത്യപൂർവ കാഴ്ച്ചകളാണ്. എന്നാൽ കേരളം ഗ്രന്ഥശാലകളുടെ പ്രവർത്തനത്തിൽ ഏറെ മുന്നിലാണ്. ദേശീയ പ്രസ്ഥാന കാലഘട്ടത്തിൽ തന്നെ നാട് ഗ്രന്ഥശാലകളുടെ കാര്യത്തിൽ വലിയ ശ്രദ്ധ ചെലുത്തിയിരുന്നു. കേരളത്തിന്റെ നവോഥാന പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കാൻ

ഗ്രന്ഥശാലകൾക്ക് കഴിയും. തിന്മക്കും അനീതിക്കുമെതിരെയുള്ളതാണ് ഗ്രന്ഥശാല പ്രസ്ഥാനം. അറിവിന് എതിരായ ശക്തികളാണ് ഗ്രന്ഥശാലകളെ ആക്രമിക്കുന്നതെന്നും അത്തരം ഘട്ടങ്ങളിൽ ഗ്രന്ഥശാലകൾ ശക്തിയാർജ്ജിച്ച് തിരിച്ച് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവാക്കളെയും കുട്ടികളെയും സ്ത്രീകളെയും ഗ്രന്ഥശാലകളുടെ പ്രവർത്തനങ്ങളിൽ ആകർഷിക്കാനാകണം. ഇല്ലാത്തിടങ്ങളിൽ ഗ്രന്ഥശാലകൾ സ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അതിന് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.

മണ്ഡലത്തിലെ എട്ടു പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഗ്രന്ഥശാലകൾ സ്ഥാപിച്ചതിന്റെ ഭാഗമായാണ് സമ്പൂർണ ലൈബ്രറി മണ്ഡലം പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചത്. ഇതോടെ മണ്ഡലത്തിലെ 132 പഞ്ചായത്ത് വാർഡുകളിലും ഗ്രന്ഥശാലകൾ സ്ഥാപിച്ചു. ഡോ. വി ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ പീപ്പിൾസ് മിഷൻസ് ഫോർ സോഷ്യൽ ഡെവലപ്മെൻറ് എന്ന മിഷൻ രൂപീകരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലും ഗ്രന്ഥശാലകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഈ മിഷന്റെ നേതൃത്വത്തിൽ നടക്കും.

 ഡോ. വി ശിവദാസൻ എം പി അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ രാജീവൻ, എൻ കെ രവി, കെ ഗീത, കെ ദാമോദരൻ, എ വി ഷീബ, കെ പി ലോഹിതാക്ഷൻ, ടി സജിത, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം സി എം സജിത, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ, കെ ശശിധരൻ, സി എൻ ചന്ദ്രൻ, വി എ നാരായണൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments