'ജനത്തിന് നിയമത്തെ പേടിയില്ലെങ്കില്‍... '; ആശുപത്രി ജീവനക്കാരെ ആക്രമിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ കേസെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ഡോക്ടര്‍മാര്‍ അടക്കം ആശുപത്രി ജീവനക്കാരെ ആക്രമിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ കേസെടുക്കണമെന്ന് ഹൈക്കോടതി. ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ജനത്തിന് നിയമത്തെ പേടിയില്ലെങ്കില്‍, കുറ്റക്കാരെ കര്‍ശനമായി നേരിടുക മാത്രമേ പോംവഴിയുള്ളൂ എന്നും കോടതി വ്യക്തമാക്കി.  

ഡോക്ടര്‍മാര്‍ മുതല്‍ സെക്യൂരിറ്റി ജീവനക്കാര്‍ വരെയുള്ള ആശുപത്രി ജീവനക്കാരെ ആക്രമിക്കുകയോ വസ്തു വകകള്‍ നശിപ്പിക്കുകയോ ചെയ്താല്‍ ഒരു മണിക്കൂറിനുള്ളില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് കുറ്റക്കാരെ പിടികൂടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ആശുപത്രി സേവനങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയും സംബന്ധിച്ച കേസുകളിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 

'ഒരു ചുക്കും സംഭവിക്കില്ലെന്ന ചിന്ത'

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്തു നടപടി എടുത്തുവെന്നും ഇനി എന്തെല്ലാം സാധിക്കുമെന്നും സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നിയമനടപടികളിലെ മെല്ലെപ്പോക്ക് കാരണം ഒരു ചുക്കും സംഭവിക്കില്ലെന്ന ചിന്തയാണ് ജനത്തിനെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ആശുപത്രി ആക്രമണസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ ഒരു കാരണം ഇതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. 

138 കേസ് : ഞെട്ടിപ്പിക്കുന്ന കണക്കെന്ന് ഹൈക്കോടതി

ഇതിനകം പല ഉത്തരവുകള്‍ ഉണ്ടായിട്ടും ഔദ്യോഗിക സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുകയോ ജനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അര്‍ഹിക്കുന്ന ആദരം നല്‍കുകയോ ചെയ്യുന്നില്ല. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ പേരില്‍ 2021 ജൂണിന് ശേഷം 138 കേസ് എടുത്തുവെന്നത് ഞെട്ടിപ്പിക്കുന്ന കണക്കാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. 

ആരോഗ്യ പ്രവർത്തകർക്ക് ലൈംഗികാതിക്രമങ്ങൾ വരെ നേരിടേണ്ടി വരുന്നുണ്ടെന്നും ഇത്തരം അഞ്ചു കേസ് ഉണ്ടെന്നുമാണ് പറയുന്നത്. ശാന്തവും സമാധാനപരവുമായ അന്തരീക്ഷം ഇല്ലെങ്കിൽ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പ്രവർത്തിക്കാനാകില്ല. ആശുപത്രി സംവിധാനം ആകെ തകിടം മറിയുമെന്നും കോടതി പറഞ്ഞു. ആശുപത്രികളിൽ സാധ്യമായിടത്തോളം പൊലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. കേസ് 16 ന് വീണ്ടും പരിഗണിക്കും.


0/Post a Comment/Comments