ലഹരി കേസുകളില്‍ കടുത്ത നടപടി; മുഖ്യമന്ത്രി.






ലഹരി കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ കടുത്ത നടപടികളുമായാണ് മുന്നോട്ടുപോവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കേസുകളില്‍ സ്ഥിരം കുറ്റവാളികളെ ജാമ്യമില്ലാതെ നിശ്ചിത വര്‍ഷം ജയിലില്‍ അടക്കാനുള്ള വകുപ്പുണ്ട്. അത്തരം കാര്യങ്ങളെല്ലാം തന്നെ ഉപയോഗിക്കും. മയക്കുമരുന്നിന്റെ കാരിയര്‍മാര്‍ സ്‌കൂള്‍ വളപ്പുകളില്‍ കടക്കാനുള്ള സാഹചര്യം ഉണ്ടാക്കരുത്. സ്‌കൂളിന് അടുത്തുള്ള കടകളിലൂടെയാണ് മയക്കുമരുന്നിന്റെ ചില ഭാഗങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. ഏതെങ്കിലും ഒരു കടയില്‍ ഇത്തരത്തില്‍ ഒരു പ്രവര്‍ത്തനം നടന്നുവെന്നു കണ്ടാല്‍ പിന്നെ ആ കട അവിടെ പ്രവര്‍ത്തിക്കില്ല. അതോടെ അത് പൂര്‍ണമായും അടച്ചിടുന്ന നിലയുണ്ടാവണം. സ്‌കൂള്‍ പരിസരം അനാവശ്യമായി ആളുകള്‍ കടന്നുകയറുന്ന ഇടം ആവാതിരിക്കാന്‍ അധ്യാപക രക്ഷാകര്‍തൃ സമിതികള്‍ ശ്രദ്ധിക്കണം.

കുടുംബത്തിലെ ഒരു കുട്ടി മയക്കുമരുന്നിന് അടിപ്പെട്ടാല്‍ മാനഹാനി ഭയന്ന് പുറത്ത് പറയാതിരിക്കുകയല്ല വേണ്ടത്. കൗണ്‍സിലിങ്ങിനുള്ള സൗകര്യം ഉപയോഗപ്പെടുത്തണം. ഡീ അഡിക്ഷന്‍ സെന്റിലെത്തിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ ചെയ്യണം. സഹപാഠികള്‍ക്ക് സാധാരണയില്‍നിന്ന് വ്യത്യസ്തമായ സ്വഭാവം ശ്രദ്ധയില്‍പ്പെട്ടാല്‍ വിദ്യാര്‍ഥികള്‍ സ്വകാര്യമായി അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തണം. കുട്ടികളുടെ മാതാപിതാക്കളും അധ്യാപകരും ഇക്കാര്യത്തില്‍ നല്ല ശ്രദ്ധ കാണിക്കണം-കേരള ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ധര്‍മ്മടം നിയോജക മണ്ഡല സെമിനാര്‍ പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

0/Post a Comment/Comments