കുഷ്ഠരോഗം: ആരോഗ്യ വകുപ്പിന്റെ ഭവന സന്ദർശനം 18 മുതൽ





കുഷ്ഠരോഗ നിർമാർജനത്തിന് ആരോഗ്യ വകുപ്പ് നടത്തുന്ന ‘അശ്വമേധം’ ഭവന സന്ദർശന പരിപാടി ജില്ലയിൽ 18ന് തുടങ്ങും. കളക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ മുഴുവൻ വീടുകളിലും 31 വരെയാണ് ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തുക.

കുഷ്ഠ രോഗത്തിന് സമാനമായ ലക്ഷണമുള്ളവരെ കണ്ടെത്തിയാൽ രോഗ നിർണയത്തിനായി ആസ്പത്രിയിൽ എത്തിക്കും. ജില്ലയിൽ 2022-23 വർഷം 27 പുതിയ കുഷ്ഠരോഗ ബാധിതരെയാണ് കണ്ടെത്തിയിട്ടുള്ളത്. തൊലി പുറത്ത് നിറം മങ്ങിയതും ചുവന്നതുമായ പാടുകൾ, സ്പർശം, ചൂട്, തണുപ്പ്, വേദന എന്നിവ അറിയാതിരിക്കൽ, പരിധീയ നാഡികളിൽ തൊട്ടാൽ വേദന, കൈകാൽ മരവിപ്പ് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ.

സർക്കാർ ആസ്പത്രികളിൽ കുഷ്ഠരോഗ ചികിത്സ സൗജന്യമാണ്. കുട്ടികളിലെ കുഷ്ഠരോഗം തടയാൻ ബാലമിത്ര പദ്ധതിയിലൂടെ ജില്ലയിലെ അങ്കണവാടികൾ മുതൽ പ്ലസ്ടു തലം വരെ നടത്തിയ പരിശോധനയിൽ പുതിയ കേസുകൾ കണ്ടെത്തിയില്ല.

0/Post a Comment/Comments