24 കേന്ദ്രങ്ങളില്‍ ജില്ലാ പഞ്ചായത്ത് കലാപരിശീലനം തുടങ്ങും




കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 24 കേന്ദ്രങ്ങളില്‍ കലാ പരിശീലനം ആരംഭിക്കാന്‍ പ്രസിഡണ്ട് പി പി ദിവ്യയുടെ ആധ്യക്ഷതയില്‍ ചേര്‍ന്ന ഭരണസമിതി യോഗം തീരുമാനിച്ചു. 


2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം ആരംഭിക്കുക. 

ഒരു ഡിവിഷനില്‍ ഒരു കേന്ദ്രം എന്ന നിലയില്‍ വജ്രജൂബിലി ഫെലോഷിപ്പ് നേടിയ കലാകാരന്മാരാണ് 14 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് പരിശീലനം നല്‍കുക. 


കോല്‍ക്കളി, ക്ലാസിക്കല്‍ മ്യൂസിക്, തിരുവാതിര, കേരള നടനം, നാടന്‍പാട്ട്, മാപ്പിള കലകള്‍, ചിത്രകല, മോഹിനിയാട്ടം, അഭിനയം എന്നിവ പഠിക്കാന്‍ അവസരമുണ്ടാകും. രണ്ടു മാസത്തെ ക്ലാസില്‍ ഒരു ബാച്ചില്‍ 50 പേരാണുണ്ടാകുകയെന്നും യോഗം വ്യക്തമാക്കി.


കരാര്‍ ഏറ്റെടുത്ത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രവൃത്തി പൂര്‍ത്തിയാക്കാത്ത കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇത്തരം കരാറുകാരുടെ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഞ്ചിനീയറിങ് വിഭാഗത്തോട് നിര്‍ദേശിച്ചു. ഇത് പരിശോധിച്ചാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അതത് വകുപ്പുകളോട് ജില്ലാ പഞ്ചായത്ത് ശുപാര്‍ശ ചെയ്യുക.


യോഗത്തില്‍ വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. ടി സരള, യു പി ശോഭ, കെ കെ രത്നകുമാരി, വി കെ സുരേഷ്ബാബു, സെക്രട്ടറി ഇന്‍ചാര്‍ജ് റ്റൈനി സൂസണ്‍ ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


0/Post a Comment/Comments