ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും; ശനിയാഴ്ച സന്നിധാനത്തെത്തും




പത്തനംതിട്ട: ശബരിമല ശ്രീ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നും ഉച്ചയ്ക്ക് ഒരു മണിക്കാണ് ഘോഷയാത്ര പുറപ്പെടുന്നത്.


പുലര്‍ച്ചെ 5ന് ധര്‍മശാസ്താ ക്ഷേത്രനട തുറക്കും. സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍നിന്നു തിരുവാഭരണങ്ങള്‍ അടങ്ങുന്ന പേടകം ശ്രീകോവിലിനു മുന്‍പിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് ശ്രീകോവിലിനു മുന്‍പില്‍ തിരുവാഭരണ പേടകം തുറന്നു വയ്ക്കും. ഭക്തര്‍ക്ക് ഈ സമയം ദര്‍ശനം അനുവദിക്കും.


തുടര്‍ന്ന് തിരുവാഭരണ പേടകം അടച്ചു മേല്‍ശാന്തി നീരാജനമുഴിയും. 

പന്തളം കൊട്ടാരം കുടുംബാംഗങ്ങള്‍ പേടകം പ്രദക്ഷിണമായെടുത്തു കിഴക്കേ നടയിലെത്തിച്ചു ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ ശിരസ്സിലേറ്റും. മരുതമന ശിവന്‍ പിള്ള പൂജാപാത്രങ്ങള്‍ അടങ്ങുന്ന പെട്ടിയും കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍ നായര്‍ കൊടിപ്പെട്ടിയും ശിരസ്സിലേറ്റി തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. 


കൈപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, കുളനട ദേവീ ക്ഷേത്രം, ഉള്ളന്നൂര്‍ ദേവീ ക്ഷേത്രം, ആറന്മുള, കോഴഞ്ചേരി പാമ്പാടിമണ്‍ വഴി നാളെ രാത്രിയില്‍ അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തി വിശ്രമിക്കും. 13ന് ഇടപ്പാവൂര്‍, വടശേരിക്കര, പെരുനാട് വഴി ളാഹ സത്രത്തിലെത്തും. 14ന് പുലര്‍ച്ചെ ഘോഷയാത്ര പ്ലാപ്പള്ളി, നിലയ്ക്കല്‍ ഗോപുരം, വലിയാനവട്ടം, നീലിമല വഴി വൈകിട്ട് 5.30നു ശരംകുത്തിയിലെത്തും. ഇവിടെ നിന്നും തിരുവാഭരണം ആഘോഷപൂര്‍വം സന്നിധാനത്തെത്തിക്കും.


0/Post a Comment/Comments