ജൈവ വൈവിധ്യ പഠന ക്യാമ്പ് സംഘടിപ്പിച്ചു





കേളകം: കേളകം ഇക്കോ-ടൂറിസം സൊസൈറ്റിയുടെയും കേളകം ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്കായി ഏകദിന ജൈവ വൈവിധ്യ പഠന ക്യാമ്പ് സംഘടിപ്പിച്ചു. വളയംചാലിലെ ആറളം വന്യജീവി സങ്കേതത്തിൽ നടന്ന ക്യാമ്പിൽ പ്രശസ്ത പരിസ്ഥിതി ഗവേഷകൻ വി.സി. ബാലകൃഷ്ണൻ ക്ലാസുകൾ നയിച്ചു. ആറളം വന്യജീവി സങ്കേതത്തിനുള്ളിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് വൃക്ഷങ്ങളുടെ വിളിപ്പേര്, ശാസ്ത്രനാമം മരത്തിന്റെയും പൂക്കളുടെയും കായ്കളുടെയും പ്രത്യേകതകൾ എന്നിവ കുട്ടികൾക്ക് വിശദമാക്കി കൊടുത്തു. ചിത്രശലഭങ്ങളുടെ സഞ്ചാരപദങ്ങൾ പരിചയപ്പെടുത്തുകയും അവയുടെ സഞ്ചാര രീതിയെക്കുറിച്ചും ആറളം വന്യജീവി സങ്കേതത്തിലെ ശലഭക്കൂട്ടങ്ങളും അവയുടെ മൈഗ്രേഷൻ സംബന്ധിച്ച വിവരങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി.
പ്രാദേശിക ജൈവവൈവിധ്യത്തെ കൂടുതൽ അടുത്തറിയുന്നതിനും ഇവിടേക്ക് എത്തുന്ന ടൂറിസ്റ്റുകൾക്ക് അവയെ പരിചയപ്പെടുത്തി കൊടുക്കുന്നതിനും പുതുതലമുറയ്ക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കേളകം, അടയ്ക്കാത്തോട് ഹൈസ്കൂളുകളിലെ കുട്ടികളാണ് ക്യാമ്പില് പങ്കെടുത്തത്. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി. അനീഷ്, കെറ്റ്സ് ഭാരവാഹികളായ പി.എം. രമണൻ , ലിജീഷ് വള്ളോക്കരി, ഇ.എസ്. സത്യൻ, എം.വി. മാത്യു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

0/Post a Comment/Comments