സിനിമാതാരങ്ങളുടെയും രാഷ്ട്രിയക്കാരുടെയും പോസ്റ്ററുമായി വരണ്ട; ശബരിമല ഭക്തർ ചിട്ടവട്ടങ്ങൾ പാലിക്കണം: ഹൈക്കോടതി

 കൊച്ചി: ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകളും ചിത്രങ്ങളുമായി ശബരിമല തീർഥാടകർ പതിനെട്ടാം പടി കയറുന്നതും ദർശനം നടത്തുന്നതും വിലക്കി ഹൈക്കോടതി. ക്ഷേത്രത്തിലെ പതിവു ചിട്ടവട്ടങ്ങളും ആചാരാനുഷ്ഠാനങ്ങളും പാലിച്ച് ദർശനം നടത്താൻ ഭക്തർക്കു ഉത്തരവാദിത്വമുണ്ടെന്നു കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ വീഴ്ചയില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉറപ്പാക്കണം. 

ജസ്റ്റിസ് അനിൽ. കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നിർദേശം. തമിഴ് സിനിമയുടെ പോസ്റ്ററുകളും അന്തരിച്ച കന്നട നടന്റെ ചിത്രങ്ങളും ഉയർത്തിപ്പിടിച്ച് ദർശനത്തിനു നിൽക്കുന്നവരുടെ ഫോട്ടോ ഒരു അയ്യപ്പഭക്തൻ ഹൈക്കോടതി റജിസ്ട്രാർ ജനറലിന് അയച്ചനൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. 

അയ്യപ്പനോട് ആദരവുള്ള ഭക്തർ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ പാലിച്ചാണ് ദർശനം നടത്തേണ്ടത്. ദിവസവും 80,000 - 90,000 ഭക്തർ ദർശനത്തിനെത്തുമ്പോൾ മിനിറ്റിൽ 70 - 80 പേരെ പതിനെട്ടാം പടിയിലൂടെ കടത്തി വിടണം. ഇതിനു വിരുദ്ധമായി ചിത്രങ്ങളും പോസ്റ്ററുകളുമായെത്തുന്നവരെ കടത്തി വിടരുതെന്ന് കോടതി ആവശ്യപ്പെട്ടു. 

ശബരിമല സോപാനത്തിനു മുന്നിൽ സംഗീത വാദ്യോപകരണങ്ങൾ വായിക്കാൻ ഭക്തരെ അനുവദിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ഡ്രമ്മർ ശിവമണി സോപാനത്തിനു മുന്നിൽ ഡ്രം വായിച്ച വാർത്തയ്ക്ക് പിന്നാലെയാണ് നിർദേശം. സംഭവത്തിൽ സോപാനം ഓഫിസർക്കു കാരണംകാണിക്കൽ നോട്ടിസ് നൽകി. ആചാരാനുഷ്ഠാനങ്ങൾ എല്ലാ ഭക്തർക്കും ഒരുപോലെ ബാധകമാണെന്നും ഇത്തരം പരിപാടികൾ അനുവദിക്കാൻ പാടില്ലായിരുന്നെന്നും കോടതി പറഞ്ഞു.


0/Post a Comment/Comments