അതിദരിദ്രര്‍ക്ക് അവകാശ രേഖകള്‍ ഉടന്‍ ലഭ്യമാക്കണം: ജില്ലാതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി
കണ്ണൂർ: അതിദരിദ്രര്‍ക്ക് അവകാശ രേഖകള്‍ ലഭ്യമാക്കാന്‍ ബാക്കിയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി അവ ലഭ്യമാക്കണമെന്ന് അതിദരിദ്രരെ കണ്ടെത്താനുള്ള ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം നിര്‍ദ്ദേശിച്ചു. 'അവകാശം അതിവേഗം' നടപടിയിലൂടെ നിലവില്‍ 51 ഗ്രാമപഞ്ചായത്തുകളിലും നാലു മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പറേഷനിലും മുഴുവന്‍ അവകാശ രേഖകളും ലഭ്യമാക്കിയിട്ടുണ്ട്.


ഗ്രാമപഞ്ചായത്തുകളില്‍ 107 പേര്‍ക്കും മുനിസിപ്പാലിറ്റികളില്‍ ഇരുപത്താറും കോര്‍പറേഷനില്‍ ആറു പേര്‍ക്കും ഇതുവരെ റേഷന്‍കാര്‍ഡ് ലഭ്യമാക്കി.

ഗ്രാമപഞ്ചായത്തില്‍ 87, മുനിസിപ്പാലിറ്റി 17, കോര്‍പറേഷന്‍ ആറ് എന്നിങ്ങനെയാണ് ഇതുവരെ ആധാര്‍കാര്‍ഡ് ലഭ്യമാക്കിയവരുടെ എണ്ണം. 


വോട്ടര്‍ ഐ ഡി ഗ്രാമപഞ്ചായത്തുകളില്‍ 275 പേര്‍ക്കും മുനിസിപ്പാലിറ്റികളില്‍ 41 പേര്‍ക്കും കോര്‍പ്പറേഷനില്‍ 22 പേര്‍ക്കും ഇതുവരെ ലഭ്യമാക്കി. ബാക്കിയുള്ളവര്‍ക്ക് വോട്ടര്‍ ഐ ഡി ഉടന്‍ ലഭ്യക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.


ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാന്‍ 1383 പേരെയാണ് കണ്ടെത്തിയത്. അതില്‍ 37 പേരെ നിലവില്‍ മാറ്റിപാര്‍പ്പിച്ചു.  

ഗ്രാമപഞ്ചായത്തുകളില്‍ 1125 പേരെയും മുനിസിപ്പാലിറ്റിയില്‍ 217 പേരെയും കോര്‍പറേഷനില്‍ 41 പേരെയുമാണ് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാനുള്ളത്. ഭക്ഷണം ആവശ്യമുള്ളവരുടെ പട്ടികയിലുള്ള 1975 പേര്‍ക്ക് അവ ലഭ്യമാക്കുന്നുണ്ട്. 


അന്തിമ പട്ടിക പ്രകാരം ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലും ഒമ്പത് മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനിലുമായി 4208 അതിദരിദ്ര കുടുംബങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്.

ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എന്‍ പി ശ്രീധരന്‍, കെ താഹിറ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് പി പി ഷാജിര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എം ശ്രീധരന്‍, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ റ്റൈനി സൂസണ്‍ ജോണ്‍, ഡി ഡി പി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ഷാജി കൊഴുക്കുന്നോല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


0/Post a Comment/Comments