വ്യാജ പെർമിറ്റ് ഉണ്ടാക്കി കേരളത്തിലേക്ക് ചരക്ക് കടത്തിയ മിനിലോറി മോട്ടോർ വാഹനവകുപ്പ് പിടികൂടി; ഡ്രൈവർ അറസ്റ്റിൽ.




ഇരിട്ടി: കർണാടകത്തിൽ നിന്നും വ്യാജ പെർമിറ്റ് ഉണ്ടാക്കി കേരളത്തിലേക്ക് പച്ചക്കറികൾ ഉൾപ്പെടെ കടത്തിയ മിനി ലോറി മോട്ടോർ വാഹന വകുപ്പ് പിടികൂടി. കൂട്ടുപുഴ അതിർത്തിയിൽ വാഹന പരിശോധനയ്ക്കിടെയാണ് ലോറി പിടികൂടിയത്. അന്യസംസ്ഥാനത്തുനിന്ന് കേരളത്തിലേക്ക് ചരക്ക് കൊണ്ടുവരുമ്പോൾ അടക്കേണ്ടുന്ന നികുതിയും അനുബന്ധ ഫീസുകളുമായി 1440 രൂപ ഓൺലൈനിലായി മോട്ടോർ വാഹന വകുപ്പിൽ അടക്കണം. ഈ പെർമിറ്റ് ഉണ്ടായിരുന്നെങ്കിലും കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ മോട്ടോർ വാഹന വകുപ്പ് വിശദമായി പരിശോധിക്കുന്നതിടയിൽ ഇവരുടെ കയ്യിലുണ്ടായിരുന്ന പെർമിറ്റ് വ്യാജമാണെന്ന് തെളിയുകയായിരുന്നു.
കഴിഞ്ഞ 31ന് എടുത്ത പെർമിറ്റ് തീയതി തിരുത്തി പുതിയ പെർമിറ്റ് ആക്കുകയായിരുന്നു. ഡ്രൈവറായ ഹുൻസൂർ സ്വദേശി പ്രതാപിനെ ചോദ്യം ചെയ്യുകയും നിയമനടപടികൾക്കായി ഇരിട്ടി പോലീസിന് കൈമാറുകയുമായിരുന്നു. വ്യാജ രേഖ ചമച്ചതിന് പ്രതാപനെതിരെ പോലീസ് കേസെടുത്തു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഹുൻസൂരിലെ ഓൺലൈൻ സ്ഥാപനത്തിൽ നിന്നുമാണ് പെർമിറ്റ് എടുത്തതെന്നും ഇതിനായി 2100 രൂപ നൽകിയതായും ഇയാൾ പറഞ്ഞു. ഓൺലൈൻ സ്ഥാപനം ഉടമ വ്യാജ പെർമിറ്റ് നൽകി പറ്റിച്ചതാണെന്നാണ് സംശയിക്കുന്നത്. ഇത്തരം സംഭവങ്ങൾ കൂടുതലായി നടക്കുന്നുണ്ടോ എന്നറിയാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സനീഷ് പുതിയ വീട്ടിൽ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അരുൺകുമാർ എന്നിവർ പറഞ്ഞു

0/Post a Comment/Comments