വൈദ്യുതി ബില്ലിൻ്റെ പേരില്‍ തട്ടിപ്പ്..! ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി
വൈദ്യുതി വിച്ഛേദിക്കുമെന്ന പേരില്‍ ബാങ്ക് വിവരങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തുന്നവരെ കരുതിയിരിക്കണമെന്ന് കെ.എസ്.ഇ.ബി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നേരത്തേ ഇത്തരം പരാതികള്‍ വ്യാപകം ആയിരുന്നെങ്കിലും പിന്നീട് കുറഞ്ഞു. വീണ്ടും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.


എത്രയും വേഗം പണമടക്കുകയോ വിവരങ്ങള്‍ നല്‍കുകയോ ചെയ്തില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്ന് കെ.എസ്.ഇ.ബിയുടേതെന്ന തരത്തില്‍ ഉപഭോക്താക്കള്‍ക്ക് സന്ദേശം മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന സംസാരിച്ച് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരും.


കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങളില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, അടക്കേണ്ട തുക, പണമടക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒ.ടി.പി തുടങ്ങിയവ ഒരു ഘട്ടത്തിലും ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടില്ല. വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

0/Post a Comment/Comments