കോഴിക്കോട്; കൃഷി പഠിക്കാൻ സർക്കാർ സംഘത്തിനൊപ്പം ഇസ്രയേലിൽ പോയി മുങ്ങിയ കർഷകൻ ബിജു കുര്യൻ കേരളത്തിലേക്ക് തിരിച്ചെത്തി. രാവിലെ കരിപ്പൂരിലാണ് വിമാനമിറങ്ങിയത്. ഒരു ഏജൻസിയും തന്നെ അന്വേഷിച്ച് വന്നില്ലെന്നും സ്വമേധയാ ആണ് തിരിച്ചുവന്നത് എന്നും ബിജു കുര്യൻ പറഞ്ഞു. സഹോദരനാണ് ടിക്കറ്റെടുത്ത് നൽകിയതെന്നും വ്യക്തമാക്കി.
പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നാണ് ബിജു കുര്യൻ പറഞ്ഞത്. ഇത് സംഘത്തോട് പറഞ്ഞാൽ അനുവാദം കിട്ടില്ലെന്ന് കരുതി. മുങ്ങി എന്ന വാർത്ത പ്രചരിച്ചപ്പോൾ വിഷമം തോന്നി. അതാണ് സംഘത്തോടൊപ്പം തിരികെയെത്താൻ സാധിക്കാഞ്ഞത്. സർക്കാരിനോടും സംഘാംഗങ്ങളോടും നിർവ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ബിജു കുര്യൻ പറഞ്ഞു. ബന്ധുക്കൾക്ക് ഒപ്പം ബിജു നാട്ടിലേക്ക് തിരിച്ചു.
കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കുന്നതിന് വേണ്ടിയായിരുന്നു കൃഷിവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ.ബി അശോകിന്‍റെ നേതൃത്വത്തില്‍ കേരളാ സര്‍ക്കാരിന്റെ 27 പേരടങ്ങുന്ന കര്‍ഷക സംഘം ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. കണ്ണൂര്‍ സ്വദേശിയായ ബിജു കുര്യൻ സംഘത്തിൽ നിന്ന് മുങ്ങുകയായിരുന്നു. തുടര്‍ന്ന് ബിജു കുര്യനില്ലാതെ കര്‍ഷക സംഘം ഫെബ്രുവരി 20 ന് മടങ്ങിയെത്തി. ബിജുവിന്‍റെ വിസയ്ക്ക് മെയ് 8 വരെ കാലാവധിയുണ്ടായിരുന്നു. എന്നാൽ ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സർക്കാർ ഇന്ത്യൻ എംബസി വഴി ആവശ്യപ്പെട്ടു. ഇതോടെയാണ് ഇയാൾ തിരികെപോരാൻ തീരുമാനിച്ചതെന്നാണ് സൂചന.
Post a Comment