മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദേവിയുടെ പുനഃപ്രതിഷ്ഠ നടത്തി


ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരീ ക്ഷേത്രം നവീകരണ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ പുരോഗമിക്കവേ വെള്ളിയാഴ്ച ദേവിയുടെ പ്രതിഷ്ഠ നടന്നു. രാവിലെ 9.30നും 10.30നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിലായിരുന്നു പ്രതിഷ്ഠ നടന്നത്. തുടർന്ന് ഉപദേവ പ്രതിഷ്ഠകളും നടന്നു. ക്ഷേത്രം തന്ത്രിമാരായ കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാടിന്റെയും നന്ത്യാർ വള്ളി ശങ്കരൻ നമ്പൂതിരിപ്പാടിന്റെയും നേതൃത്വത്തിൽ ആയിരുന്നു താന്ത്രിക കർമ്മങ്ങൾ നടന്നത്. 

ചടങ്ങുകൾ ദർശിക്കാനും പ്രസാദ ഊട്ടിനും വൈകുന്നേരം നടന്ന ലക്ഷ്മദീപ സമർപ്പണത്തിനും  വലിയ ഭക്തജന പ്രവാഹം തന്നെ ഉണ്ടായി. പുനഃപ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം വിളക്കുവെച്ച് നടയടക്കൽ, സോപാനത്തിൽ നിത്യപൂജ, വലിയ ബലിക്കല്ലിന്റെ അധിവാസ ക്രിയകൾ എന്നിവ നടന്നു. 

വിളക്കുവെച്ച് അടച്ച നട 13 ന് തിങ്കളാഴ്ചയാണ് തുറക്കുക. അന്ന് രാവിലെ 5 മണിക്ക് നടതുറന്ന് കണി ദർശനം, കലശാഭിഷേകങ്ങൾ, പരി കലശാഭിഷേകങ്ങൾ എന്നിവ നടക്കും. 

വെള്ളിയാഴ്ച പ്രതിഷ്ഠാ  ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം നടന്ന സാംസ്‌കാരിക സദസ്സ് മലബാർ ദേവസ്വം തലശ്ശേരി ഏരിയാ കമ്മിറ്റി ചെയർമാൻ ടി.കെ. സുധി ഉദ്‌ഘാടനം ചെയ്തു. അംബുജാക്ഷൻ മാസ്റ്റർ അദ്ധ്യക്ഷനായി.  പ്രൊഫ. കുഞ്ഞികൃഷ്ണൻ പ്രഭാഷണം നടത്തി. സിനിമാ തരാം ശിവദാസൻ വിശിഷ്ടാതിഥി ആയിരുന്നു. ടി.പ്രേമരാജൻ, ഷജിൻകുമാർ എന്നിവർ സംസാരിച്ചു. ശനിയാഴ്ച രാവിലെ  ഇന്ദ്രാദി പരിവാര പ്രതിഷ്ഠകളും വലിയ ബലിക്കൽ പ്രതിഷ്ഠയും നടക്കും.


0/Post a Comment/Comments