നവീകരിച്ച ന്യൂ മാഹി ഫിഷിങ് ലാന്റ് ബോട്ട് ജെട്ടി; മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു





പൈതൃക കേന്ദ്രമെന്ന നിലയിൽ തലശ്ശേരിക്ക് മുന്തിയ പരിഗണനയാണ് സാംസ്‌കാരിക-മൽസ്യബന്ധന വകുപ്പുകൾ നൽകുന്നതെന്ന് മന്ത്രി സജി ചെറിയാൻ. ന്യൂ മാഹി ഫിഷിങ് ലാന്റ് ബോട്ട് ജെട്ടിയിൽ നടത്തിയ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


5.43 കോടി രൂപ തലശ്ശേരി മണ്ഡലത്തിൽ റോഡ് വികസനത്തിന് മാത്രമായി അനുവദിച്ചതായി മന്ത്രി പറഞ്ഞു. ന്യൂ മാഹി ബോട്ട് ജെട്ടി റോഡ് നവീകരണത്തിന് 50 ലക്ഷം രൂപ ഉടൻ അനുവദിക്കുമെന്നും ന്യൂ മാഹി ഫിഷ് ലാൻറിംഗ് സെന്റർ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.


നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ അധ്യക്ഷനായി. പെരിങ്ങാടി ഭാഗത്തെ ഉപ്പ് വെള്ളം കയറൽ പ്രശ്‌നത്തിന് പരിഹാരം കാണാൻ നടപടി കൈക്കൊണ്ടുവരികയാണെന്ന് സ്പീക്കർ പറഞ്ഞു.

ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സെയ്ത്തു സ്വാഗതം പറഞ്ഞു. ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് ചീഫ് എഞ്ചിനിയർ ജോമോൻ കെ.ജോർജ്ജ് റിപ്പോർട്ട് അവതരിപ്പിച്ചു. 


1989 ലാണ് ബോട്ട് ജട്ടി നിർമ്മിച്ചത്. സുനാമിയിലും കാലപ്പഴക്കത്തിലും ഭാഗികമായി തകർന്ന് അപകടാവസ്ഥയിലായ സാഹചര്യത്തിലാണ് 60 ലക്ഷത്തോളം ചിലവഴിച്ച് പുനർ നിർമ്മിച്ചത്. വടകര ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയത്.

ബോട്ട് ജട്ടിയുടെ തകർന്ന മുകൾഭാഗം പൂർണമായും പൊളിച്ചുമാറ്റി പുതിയവ സ്ഥാപിച്ചു. ടയർ ഫെണ്ടറുകൾ, നങ്കൂരമിടുന്നതിന് ബൊള്ളാർഡുകൾ തുടങ്ങിയവയും സ്ഥാപിച്ചു. ബീച്ചിലേക്ക് വാഹനം പോകുന്നതിന് പ്രത്യേകമായി കോൺക്രീറ്റ് ചെയ്ത് വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. 


0/Post a Comment/Comments