കൃഷിഭവനുകള്‍ സ്മാര്‍ട്ടാകും




കൊച്ചി: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഏറ്റവും മികച്ച സേവനമൊരുക്കാന്‍ സ്മാര്‍ട്ട് കൃഷിഭവനുകള്‍ അടുത്തമാസം പ്രവര്‍ത്തനമാരംഭിക്കും.


ഒരു ജില്ലയില്‍ രണ്ടുവീതം കൃഷി ഭവനുകള്‍ നവീകരിച്ച്‌ സ്മാ‌ര്‍ട്ടാക്കാന്‍ ബഡ്ജറ്റില്‍ 10 കോടിരൂപ അനുവദിച്ചിരുന്നു. സ്വന്തമായി കെട്ടിടമില്ലാത്ത കൃഷിഭവനുകള്‍ക്ക് റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് (ആര്‍.ഐ.ഡി.എഫ്) മുഖേന പുതിയ കൃഷിഭവന്‍ നിര്‍മ്മിക്കും. എല്ലാ ജില്ലകളിലും ഓരോ പുതിയ കൃഷിഭവന്‍ കെട്ടിടങ്ങളാവും നിര്‍മ്മിക്കുക. ഇതിനായി നബാര്‍ഡ് 31.5 കോടിരൂപ അനുവദിച്ച്‌ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.


 കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. രണ്ട് വര്‍ഷത്തിനുള്ളില്‍ പൂ‌ര്‍ത്തിയാക്കും. ആര്‍.ഐ.ഡി.എഫ് ഫണ്ട് മുഖേന 14 കൃഷിഭവനുകള്‍കൂടി നിര്‍മ്മിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൃഷിഭവനുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ 252 കൃഷി ഓഫീസര്‍മാരുടെ ഒഴിവിലേക്ക് ഉടന്‍ നിയമനം നടത്തും.


സ്മാര്‍ട്ട് പ്രവര്‍ത്തനങ്ങള്‍


🌱 കൃഷി ഓഫീസര്‍മാരുടെ ജോലിഭാരം കുറച്ച്‌ ഫീല്‍ഡ് വിസിറ്റിന് കൂടുതല്‍ സമയം.


🌱 കര്‍ഷകര്‍ക്ക് മണ്ണ്, ചെടി എന്നിവ പരിശോധിക്കുന്നതിന് കൃഷിഭവനുകളില്‍ വിള ആരോഗ്യക്ലിനിക്ക് സൗകര്യം.


🌱 ഐ.ടി അനുബന്ധ അടിസ്ഥാനസൗകര്യം.


🌱 കടലാസ്‌രഹിത കൃഷിഭവന്‍.


🌱 കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ ഫ്രണ്ട് ഓഫീസ് ഇന്‍ഫൊര്‍മേഷന്‍ സെന്റര്‍


🌱 കര്‍ഷകര്‍ക്ക് ഐ.ഡി നമ്ബരുള്ള സ്മാര്‍ട്ട് കാര്‍ഡ്


🌱 പുതുതായി ആരംഭിക്കുന്ന സോഫ്റ്റ്‌വെയറിലൂടെ യുണീക് ഐ.ഡി നമ്ബര്‍ ഉപയോഗിച്ച്‌ അപേക്ഷകള്‍ നല്‍കാനും വിവരം അറിയാനും കഴിയും.


🌱 വിത്ത്, വളം, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ സബ്സിഡി നിരക്കില്‍ ലഭ്യമാക്കും.


🌱 ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സംരംഭകരുമായി ചര്‍ച്ചകള്‍ നടത്തി മാര്‍ക്കറ്റിംഗ് വേദിയൊരുക്കും.


🌱കൃഷിയിറക്കുന്നതിന് കാര്‍ഷികയന്ത്രങ്ങളും തൊഴിലാളികളേയും നല്‍കുന്നതിന് കാര്‍ഷിക കര്‍മ്മസേന


കൃഷിഭവനുകള്‍ സ്മാര്‍ട്ടാക്കുകയെന്നാല്‍ കെട്ടിടം സ്മാര്‍ട്ടാക്കുന്നതല്ല. കര്‍ഷകര്‍ക്ക് ലഭിക്കുന്ന സേവനങ്ങളാണ് സ്മാര്‍ട്ടാക്കുന്നത്. കൃഷി ഓഫീസര്‍മാരുടെ സഹായം കര്‍ഷകര്‍ക്ക് നേരിട്ടെത്തിക്കും. കര്‍ഷകര്‍ക്ക് വീട്ടിലിരുന്നുതന്നെ കൃഷിഭവന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.


പി. പ്രസാദ്


കൃഷിവകുപ്പ് മന്ത്രി


0/Post a Comment/Comments