തേനീച്ച കർഷക സംഗമവും തേൻ വിപണനമേളയും 10 മുതൽ കണ്ണൂരിൽ






കണ്ണൂർ : കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനമായ ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെയും ഖാദി കമ്മീഷന്റെ സഹായത്തോടെ രൂപീകരിച്ച കണ്ണൂർ ബീക്കിപ്പിങ്ങ് ക്ലസ്റ്ററിന്റെയും നേതൃത്വത്തിൽ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ തേനീച്ച കർഷക സംഗമവും , തേൻ വിപണന മേളയും  സംഘടിപ്പിക്കുന്നു. 2023 മാർച്ച് 10, 11 തിയതികളിലായി കണ്ണൂർ മഹാത്മ മന്ദിരത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കർഷക സംഗമം മാർച്ച് 10 ന് രാവിലെ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസിന്റെ സംസ്ഥാന ഡയറക്ടർ  സി.ജി ആണ്ഡവർ  അധ്യക്ഷത വഹിക്കും.


കണ്ണൂർ കാസർകോട്, കോഴിക്കോട്  വയനാട് ജില്ലയിലെ മുന്നൂറോളം തേനീച്ച കർഷകർക്ക് രണ്ട് ദിവസങ്ങളിലായ് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് അവസരമുണ്ട്. തേനിച്ച കർഷക സംഗമത്തിന്റെ ഭാഗമായി സെമിനാറുകൾ, വിവിധ ക്ലാസ്സുകൾ, കർഷകരെ ആദരിക്കൽ, കാർഷിക പ്രശ്നോത്തരി, ഉല്പന്ന പ്രദർശന വില്പനമേള  തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.


തേൻ മഹോത്സവത്തിന്റെ ഭാഗമായുള്ള സെമിനാറിൽ ഗുണമേന്മയുള്ള തേൻ ഉൽപാദനവും പോസ്റ്റ് ഹാർവസ്റ്റ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ  ഹോർട്ടി കോർപ്പ് റീജിയണൽ മാനേജറും മാവേലിക്കര ബീകീപ്പിങ്ങ് ട്രെയിനിംഗ് കോളേജ് മേധാവിയുമായ ബി.സുനിൽ ക്ലാസടുക്കും'. തേൻ മൂല്യവർദ്ദിത ഉല്പന്ന നിർമ്മാണത്തിലൂടെ എങ്ങിനെ തേനീച്ച വളർത്തൽ കൂടുതൽ ആദായകരമാക്കാം എന്ന വിഷയത്തിൽ മലബാർ ഹണി ഫുഡ് പാർക്ക് മാനേജിങ്ങ് ഡയറക്ടർ  ഷാജു ജോസഫ് തുടങ്ങിയവർ ക്ലാസെടുക്കും. തേനിന്റെ വിവിധ മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണ പരിശീലനവും വൈവിധ്യമായ തേൻ, തേൻ ഉപകരണങ്ങൾ തുടങ്ങിയവയുടെ എക്സിബിഷനും തേനീച്ച കർഷക സംഗമത്തിന് മികവേകും.


പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുവാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ SFURTI പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ മലബാർ ഹണി കോംപ്ലക്സിൽ ഖാദി കമ്മീഷൻ പണികഴിപ്പിച്ച അത്യാധുനിക തേൻ ശുദ്ധീകരണ ശാലയിൽ നിന്നും ലഭ്യമാവുന്ന തേനും, മറ്റ്  തേനുല്പന്നങ്ങളുടെ പ്രദർശനവും പ്രദർശന മേളയിൽ പ്രധാന ആകർഷണമായിക്കും.


തേൻ ഉല്പന്നങ്ങളുടെ പ്രദർശനം കാണുവാൻ പൊതുജനങ്ങൾക്ക് അവസരം ഉണ്ട്  പ്രകൃതിയുടെ അമൃതായ തേനിനെയും തേൻ ഉല്പന്നങ്ങളെകുറിച്ചും പഠിക്കാനും അറിയുവാനും ആഗ്രഹിക്കുന്നവർക്ക് ഉല്പന്ന പ്രദർശന മേള വളരെ പ്രയോജനപ്പെടും. ചടങ്ങിൽ വച്ച് മികച്ച തേൻ കർഷകരെ ആദരിക്കും. കൃഷി വകുപ്പിലെ വിവിധ ഉദ്യോഗസ്ഥ പ്രമുഖർ തേനീച്ച കർഷക സംഗമത്തിൽ പങ്കെടുക്കും. തേനീച്ച കർഷക സംഗമത്തോട് അനുബന്ധിച്ച് നടത്തുന്ന സൗജന്യ സെമിനാറിൽ പങ്കെടുക്കാനാഗ്രഹി ക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പരിൽ ഓഫീസ് സമയത്ത് വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം.ഫോൺ 9447305385


0/Post a Comment/Comments