ഭീതി പടർത്തി എച്ച്3എൻ2; അറിഞ്ഞിരിക്കാം ജീവനെടുക്കുന്ന ഈ വൈറസിനെ, ചെയ്യേണ്ടതും ചെയ്യരുതാത്തതും




രാജ്യത്ത് എച്ച്3എൻ2 വൈറസ് ബാധ മൂലം രണ്ട് പേർ മരിച്ചതായ കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചതിന് പിന്നാലെ കടുത്ത ജാഗ്രതയിലാണ് ആരോഗ്യ മേഖല. രാജ്യത്തുടനീളം 90ലധികം പേർക്ക് വൈറസ് ബാധയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കടുത്ത തണുപ്പിൽ നിന്ന് കൊടും വേനലിലേക്കുള്ള കാലാവസ്ഥാമാറ്റമാണ് ആളുകളിൽ ഫ്‌ളൂ ലക്ഷണങ്ങൾ വ്യാപകമായി കാണപ്പെടാൻ പ്രധാനകാരണമായി കരുതുന്നത്. 


എന്താണ് എച്ച്3എൻ2 വൈറസ്?


ഇൻഫ്‌ളുവൻസ എ വൈറസിന്റെ ഒരു ഉപവിഭാഗമാണ് എച്ച്3എൻ2, ഇത് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകും. പക്ഷികളെയും മൃഗങ്ങളെയും ഈ വൈറസ് ബാധിക്കാറുണ്ട്. 


ലക്ഷണങ്ങൾ?


ഇൻഫ്‌ളുവൻസ വൈറസ് ബാധ മനുഷ്യരിൽ പനിയും കടുത്ത ചുമയും ഉണ്ടാകാൻ കാരണമാകുകയും ഇത് പിന്നീട് ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം മുതൽ മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യും. 


തണുപ്പ്, ചുമ, പനി, ഓക്കാനും, ഛർദ്ദി, തൊണ്ടവേദന, പേശികളിലും ശരീരത്തിലും വേദന, വയറിളക്കം, തുമ്മൽ. മൂക്കൊലിപ്പ് എന്നിവയാണ് എച്ച്3എൻ2 വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തോന്നുകയും നെഞ്ചിൽ വേദന അല്ലെങ്കിൽ അസ്വസ്ഥത, തുടർച്ചയായ പനി, ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടവേദന എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഉടനെ ഡോക്ടറെ സമീപിക്കണം. 


എങ്ങനെയാണ് വൈറസ് പകരുന്നത്?


വളരെ പെട്ടെന്ന് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന എച്ച്3എൻ2 ഇൻഫ്‌ളുവൻസ, വൈറസ് ബാധയുള്ള വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും പുറത്തുവരുന്ന സ്രവത്തിലൂടെയാണ് പകരുന്നത്. വൈറസ് സാന്നിധ്യമുള്ള പ്രതലത്തിൽ സ്പർശിച്ചശേഷം വായിലോ മൂക്കിലോ തൊട്ടാൽ വൈറസ് ശരീരത്തിൽ പ്രവേശിക്കും. ഗർഭിണികളായ സ്ത്രീകൾ, കുട്ടികൾ, പ്രായമായ ആളുകൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളെയൊക്കെ വൈറസ് പെട്ടെന്ന് പിടികൂടും. 


മുൻകരുതലുകൾ


വൈറസ് ശ്വാസകോശത്തെ ബാധിക്കുന്നതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പൾസ് ഓക്‌സിമീറ്ററിന്റെ സഹായത്തോടെ ശരീരത്തിലെ ഓക്‌സിജൻ നില ഇടയ്ക്കിടെ പരിശോധിക്കണം. ഓക്‌സിജൻ സാച്ചുറേഷൻ ലെവൽ 95ശതമാനത്തിൽ കുറവാണെങ്കിൽ ഡോക്ടറെ കാണണം. ഇത് 90ൽ താഴെയാണെങ്കിൽ അടിയന്തര വൈദ്യ സഹായം തേടണം. ഇത്തരം സാഹചര്യങ്ങളിൽ ഒരിക്കലും സ്വയം ചിക്തയിൽ ആശ്രയിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്.


വൈറസ് ബാധ സ്ഥിരീകരിച്ചവർ ശരിയായി വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. പനി നിയന്ത്രിക്കാൻ അസറ്റാമോഫെൻ ഐബുപ്രോഫെൻ തുടങ്ങിയ വേദനസംഹാരികൾ കഴിക്കുന്നത് ചികിത്സയുടെ ഭാഗമാണ്. തീവ്ര ലക്ഷണങ്ങൾ കാണിക്കുന്ന രോഗികൾക്ക് ഡോക്ടർമാർ ആന്റിവൈറൽ മരുന്നുകൾ ശുപാർശ ചെയ്യാറുണ്ട്. 


ചെയ്യേണ്ടതും ചെയ്യരുതാത്തതും


♦ പതിവായി കൈകൾ വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകണം


♦ മാസ്ക് സ്ഥിരമായി ഉപയോഗിക്കുക, ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണം


♦ ഇടയ്ക്കിടെ വായിലും മൂക്കിലും തൊടുന്നത് ഒഴിവാക്കാം


♦ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും നന്നായി മറയ്ക്കുക. 


♦ ശരീരത്തിൽ ജലാംശം ഉണ്ടെന്ന് ഉറപ്പാക്കുക, ഇടയ്ക്കിടെ വെള്ളം കുടിക്കണം


♦ പനിയോ ശരീരവേദനയോ ഉണ്ടെങ്കിൽ പാരസെറ്റാമോൾ കഴിക്കാം


♦ പൊതുസ്ഥലത്ത് തുപ്പരുത്


♦ ഷേയ്ക്ക്ഹാൻഡ്, ഹഗ്ഗ് പോലുള്ള സ്‌നേഹപ്രകടനങ്ങൾ ഒഴിവാക്കണം


♦ ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ചികിത്സിക്കാൻ പാടില്ല. സ്വന്തം ഇഷ്ടപ്രകാരം ആന്റിബയോട്ടിക്കുകൾ കഴിക്കരുത്. 


♦ അടുത്തടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കാം.

0/Post a Comment/Comments