കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതുതായി പണിത ടോയ്‌ലറ്റുകൾ നശിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം - സൂപ്രണ്ട്




കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതുതായി പണിത ടോയ് ലറ്റുകൾ നശിപ്പിക്കാൻ ശ്രമിച്ച സാമൂഹ്യദ്രോഹികളെ കണ്ടെത്തി, പൊതുമുതൽ നശിപ്പിച്ചതിനെതിരെ നിയമനടപടി കൈക്കൊള്ളണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പരാതി പരിയാരം  പോലിസ് സ്റ്റേഷനിൽ സമർപ്പിച്ചു.


സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം, കിഫ്ബി ഫണ്ടുപയോഗിച്ച് ആശുപത്രി യിലെ വിവിധ ബ്ലോക്കുകൾ നവീകരിച്ച് വരികയാണ്. ഇതിന്റെ ഭാഗമായാണ്, ആശുപത്രിയിലെ വിവിധ നിലകളിലുള്ള പൊതുശൗചാലയങ്ങളും വാർഡുകളിലെ ശൗചാലയങ്ങളുമെല്ലാം പുതുക്കിപ്പണിതത്. ഇത്തരത്തിൽ പുതുക്കിപ്പണിത ഏഴാം നിലയിലേയും മൂന്നാം നിലയിലേയും ശൗചാലയങ്ങളിലാണ് സാമൂഹ്യവിരുദ്ധ  അക്രമം നടന്നതായി കഴിഞ്ഞദിവസം ശ്രദ്ധയിൽപ്പെട്ടത്. 


ക്ലോസറ്റിന് മുകളിലെ ഫൈബർ സീറ്റ്കവർ ഇളക്കിമാറ്റി അപഹരിക്കുകയും, ബാത്ത് റൂം ഉപയോഗിക്കുന്നവർക്ക് വെള്ളം ഉറപ്പാക്കുന്ന പൈപ്പ്‌വയർ പൊട്ടിച്ച് അവിടെത്തന്നെ കെട്ടി തൂക്കിയിട്ട നിലയിലുമാണ് കണ്ടത്.


ദിനംപ്രതി ആയിരത്തിലധികം പേർ ഒ.പിയിൽത്തന്നെ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ, അഡ്മിറ്റായവരുടെ ഒപ്പമുള്ളവരും ഒ.പിയിൽ എത്തുന്നവരും കൂടെ എത്തുന്നവരുമെല്ലാം പ്രയോജനപ്പെടുത്തുന്ന ശൗചാലയങ്ങളാണ് ഇത്തരത്തിൽ കേടാക്കിയിരിക്കുന്നത്. 


സാമൂഹ്യപ്രതിബദ്ധത മനുഷ്യലക്ഷണമാണെന്നിരിക്കെ, അതില്ലാത്തവർക്കേ ഇത്തരത്തിൽ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നും, കുറ്റം ചെയ്തയാൾക്കെതിരെ കടുത്തനടപടി കൈക്കൊള്ളണമെന്നും ആശുപത്രി സൂപ്രണ്ട് ആവശ്യപെട്ടു. പൊതുമുതൽ നശിപ്പിക്കുന്നത് തടയാൻ, ആശുപത്രിയിലെത്തുന്ന പൊതുജനങ്ങളുടെ ശ്രദ്ധയുണ്ടാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.  


0/Post a Comment/Comments